പ്രകൃതൈതാവത്ത്വാധികരണം
ഈ അധികരണത്തില്‍ 9 സൂത്രങ്ങളുണ്ട്. ബ്രഹ്മത്തിന്റെ യഥാര്‍ത്ഥമായ തലത്തെ വര്‍ണിക്കുകയാണ് ഈ അധികരണത്തിലെ സൂത്രങ്ങളിലൂടെ.
സൂത്രം പ്രകൃതൈതാവത്ത്വം ഹി പ്രതിഷേധതി തതോ ബ്രവീതി ച ഭൂയ:
പ്രകരണത്തില്‍ അഥവാ പ്രകൃതത്തില്‍ ഇത്രമാത്രം എന്ന് പറഞ്ഞതിനെ പ്രതിഷേധിക്കുന്നതിനാല്‍ വീണ്ടും പറയുന്നു.
ബ്രഹ്മ ലക്ഷണവര്ണനയില് ഇത്രമാത്രമെന്ന അവസ്ഥയെ നിരാകരിക്കാനായി നേതി നേതി എന്ന് ശ്രുതി പ്രതിഷേധിക്കുന്നു. വീണ്ടും ബ്രഹ്മത്തിനെ വ്യക്തമാക്കാന്‍ വേണ്ടിയാണിത്. ശ്രുതിയിലെ നേതി നേതി വാക്യത്തിന്റെ ആവശ്യമെന്താണ്. അത് സഗുണ സ്വരൂപത്തെ നിഷേധിക്കല്‍ മാത്രമാണോ എന്ന് തുടങ്ങിയ സംശയങ്ങളെ ഈ സൂത്രം പരിഹരിക്കുന്നു. ബൃഹദാരണ്യ കത്തിലെ ‘ദ്വേ വാവ ബ്രഹ്മണോ രൂപേ മൂര്‍ത്തം ചൈവാമൂര്ത്തം ച’ ബ്രഹ്മത്തിന് മൂര്ത്തമെന്നും അമൂര്‍ത്തമെന്നും രണ്ട് രൂപങ്ങളുണ്ട് എന്ന് പറയുന്നു. പിന്നീട് പഞ്ചമഹാഭൂതങ്ങളെച്ചര്ത്തമായിട്ടും പുരുഷനെ അമൂര്‍ത്തമായും വിവരിക്കുന്നു. തുടര്‍ന്ന് ‘ അഥാത ആദേശോ നേതി നേതി ന ഹ്യേതസ്മാദിതി നേത്യന്യത് പരമസ്തി’ എന്ന് രണ്ടിനേയും നിഷേധിക്കുന്നു. ഇതില്‍ നിന്ന് പരമായിട്ടുള്ളതാണ് ബ്രഹ്മമെന്നും ബ്രഹ്മത്തില്‍ നിന്ന് പരമമായി മറ്റൊന്നില്ലെന്നും പറയുന്നു. മനസ്സിനും വാക്കിനും വിഷയമല്ലാത്ത ബ്രഹ്മത്തെ നിര്‍ദ്ദേശിക്കുവാന്‍ വാക്കുകളില്ലാത്തതിനാല്‍ ഇതല്ല ഇതല്ല എന്ന് നിഷേധിക്കുന്നു. മനസ്സിനോ വാക്കിനോ വിഷയമായിട്ടുള്ളതിനെയെല്ലാം ഇതല്ലെന്ന് പറയുന്നു. മൂര്‍ത്തവും അമൂര്‍ത്തവും യഥാര്‍ത്ഥ ബ്രഹ്മമല്ല എന്ന് നിഷേധിക്കുന്നു.
മൂര്ത്തത്തേയും അമൂര്ത്തത്തേയും നിഷേധിച്ചാല്‍ അത് ശൂന്യ വാദത്തിലേക്ക് നയിക്കില്ലേ എന്ന പൂര്‍വപക്ഷത്തിന്റെ വാദത്തേയും ഖണ്ഡിക്കുന്നു. കഠോപനിഷത്തില്‍ ‘ അസ്തീത്യേവോപലബ്ധ വ്യസ്തത്ത്വഭാവേന ചോഭയോ: രണ്ടിന്റെയും തത്ത്വ രൂപമായി ബ്രഹ്മം ഉണ്ടെന്നു തന്നെ കരുതണം.
തൈത്തിരീയത്തില്‍ ‘അസന്നേവ സ ഭവതി അസദ് ബ്രഹ്മേതി വേദ ചേദ്’ ബ്രഹ്മം ഇല്ലെന്ന് വിചാരിക്കുന്നവന് സ്വയം ഇല്ലാത്തവനായിത്തീരും എന്ന് പറയുന്നു.
തൈത്തിരീയത്തില്‍ ബ്രഹ്മവിദ് ആപ്നോതി പരം ബ്രഹ്മത്തെ അറിയുന്നയാള്‍ ബ്രഹ്മമായിത്തീരുന്നു. ഇങ്ങനെ ബ്രഹ്മത്തിന്റെ അസ്തിത്വത്തെ ശ്രുതി ഉറപ്പിച്ച് പറയുന്നു. ഇത്തരത്തില്‍ മൂര്‍ത്തമായ പ്രകൃതിക്കും ഉപാധിയുമായി ബന്ധപ്പെട്ട ചൈതന്യത്തിനും അതീതമാണ് ബ്രഹ്മം. അത് നിരുപാധികവും കേവല ചൈതന്യ സ്വരൂപവുമായ പരബ്രഹ്മമാണ് എന്ന് ശ്രുതി വ്യക്തമാക്കുന്നു.
നേതി നേതി എന്നത് ബ്രഹ്മത്തിന്റെ സഗുണഭാവത്തെ പ്രതിഷേധിക്കാന്‍ വേണ്ടിയല്ല, ബ്രഹ്മമഹിമയുടെ അപാരതയെ കാണിക്കാന്‍ വേണ്ടി കൂടിയാണ്.
സൂത്രം തദവ്യക്തമാഹ ഹി
ആ ബ്രഹ്മം ഇന്ദ്രിയ പ്രത്യക്ഷമല്ല എന്തെന്നാല്‍ ശ്രുതിയും സ്മൃതിയും അങ്ങനെ പറയുന്നു.
ബ്രഹ്മത്തിന്റെ നിര്‍ഗുണ നിരാകാര ഭാവം മാത്രമല്ല സഗുണ സാകാര ഭാവവും ഇന്ദ്രിയങ്ങള്‍ക്ക് വേണ്ട പോലെ ഗ്രഹിക്കാനാവില്ല. മൂര്‍ത്ത അമൂര്‍ത്തങ്ങളില്‍ നിന്ന് അന്യമായ ബ്രഹ്മം ഉണ്ടെങ്കില്‍ കാണാത്തത് എന്തുകൊണ്ടാണ് എന്ന് ചോദ്യമുണ്ടാകാം. എല്ലാറ്റിനും സാക്ഷിയായ ബ്രഹ്മം ഇന്ദ്രിയങ്ങളെ കൊണ്ട് അറിയാവുന്നതല്ല എന്ന് ശ്രുതിയും സ്മൃതിയും പറയുന്നു. മുണ്ഡകോപനിഷത്തില്‍ ‘ന ചക്ഷുഷാ ഗൃഹ്യതേ നാപി വാചാ നാന്യൈര് ദേവൈസ്തപസാ കര്‍മ്മണാ വാ ‘ കണ്ണ്, വാക്ക്, ഇന്ദ്രിയങ്ങള്‍, തപസ്സ്, കര്‍മ്മം എന്നിവ കൊണ്ടൊന്നും അതിനെ അറിയാന്‍ കഴിയില്ല.
ബൃഹദാരണ്യകത്തില്‍ ‘സ ഏഷ നേതി നേത്യയമാത്മാ അഗൃഹ്യോ നഹി ഗൃഹ്യതേ’ ഇതല്ല എന്ന് എല്ലാറ്റിനേയും നിഷേധിച്ച് നാം എത്തിച്ചേരുന്ന ഈ ആത്മാവ് ആര്‍ക്കും ഇന്ദ്രിയ വിഷയമാക്കാന്‍ സാധിക്കുകയില്ല എന്ന് പറയുന്നു. ഭഗവദ് ഗീതയില്‍ ‘ അവ്യക്തോ/യ മചിന്ത്യോ/യമവികാര്യോ /യമുച്യതേ’ അവ്യക്തവും അചിന്ത്യവും വികാരങ്ങളില്ലാത്തതുമാണ് അത് ബ്രഹ്മം എന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരത്തില്‍ സ്മൃതിവാക്യങ്ങളും വേണ്ടുവോളമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: