കൊച്ചി: മാവോയിസ്റ്റ് നേതാവ് രൂപേഷിനെതിരായ യുഎപിഎ ഹൈക്കോടതി റദ്ദാക്കി. മൂന്നു കേസുകളിലായി വളയം, കുറ്റ്യാടി പോലീസ് ചുമത്തിയ യുഎപിഎയാണ് കോടതി റദ്ദാക്കിയത്. നിരോധിത സംഘടനകളില്‍ പ്രവര്‍ത്തിക്കുകയും ഇവയുടെ ലഘുലേഖകള്‍ വിതരണം ചെയ്‌തെന്നുമാണ് രൂപേഷിനെതിരെ ചുമത്തിയിട്ടുള്ള കേസുകള്‍.
പ്രോസിക്യൂഷന് അനുമതി നല്‍കുന്നതില്‍ സംസ്ഥാന സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് ഉണ്ടായ കാലതാമസമാണ് ഹൈക്കോടതി ഇത്തരത്തില്‍ നടപടി സ്വീകരിക്കാനുള്ള കാരണം. വയനാട് കേന്ദ്രീകരിച്ചുള്ള മാവോവാദി പ്രവര്‍ത്തനങ്ങളെ തുടര്‍ന്നാണ് രൂപേഷിനെതിരെ യുഎപിഎ ചുമത്തിയത്.
ജസ്റ്റിസ് രാജാ വിജയരാഘവന്റെ ബെഞ്ചാണ് കേസ് പരിഗണിച്ചത്. നിലവില്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവിലാണ് രൂപേഷ്. 2016 മുതല്‍ കസ്റ്റഡിയിലുള്ള പ്രതിയുടെ പ്രോസിക്യൂഷന്‍ അനുമതി സമയപരിധിക്കകം ലഭിച്ചില്ലെന്നാണ് രൂപേഷിന്റെ വാദം. ഇതേതുടര്‍ന്ന് സംസ്ഥാന ആഭ്യന്തര സെക്രട്ടറിയോടും ഡി.ജി.പിയോടും ഹൈക്കോടതി വിശദീകരണം തേടിയിരുന്നു.
















