കോതമംഗലം : പള്ളിയിലെ തിരുശേഷിപ്പ് മാറ്റുന്നത് സംബന്ധിച്ചുള്ള യാക്കോബായ- ഓര്‍ത്ത്‌ഡോക്‌സ് സംഘര്‍ഷത്തില്‍ വൈദികനടക്കമുള്ളവര്‍ക്ക് പരിക്കേറ്റു. കോതമംഗലം ചെറിയ പള്ളിയിലെ എല്‍ദോ മാര്‍ ബസേലിയോസ് ബായുടെ തിരുശേഷിപ്പ് യാക്കോബായ സഭാ വിഭാഗം മാറ്റുന്നതിനിടെയാണ് സംഘര്‍ഷം ഉണ്ടായത്.
വ്യാഴാഴ്ച വൈകിട്ടാണ് സംഭവം നടന്നത്. യാക്കോബായ വിഭാഗത്തെ എതിര്‍ത്ത് ഓര്‍ത്ത്‌ഡോക്‌സ് വൈദികന്‍ തോമസ് പോള്‍ റമ്പാന്റെ നേതൃത്വത്തില്‍ എത്തുകയും, പിന്നീടത് ഇരു വിഭാഗവും തമ്മിലുള്ള കൈയ്യേറ്റത്തിലേക്ക് നീങ്ങുകയുമായിരുന്നു. സംഘര്‍ഷത്തിനിടെ പോള്‍ റമ്പാന്റെ കാര്‍ തല്ലിത്തകര്‍ത്തു.
സ്ഥിതിഗതികള്‍ നിയന്ത്രിയാക്കാനെത്തിയ കോതമംഗലം എസ്‌ഐ ഉള്‍പ്പെടെ 10 പേര്‍ക്കും സംഘര്‍ഷത്തില്‍ പരുക്കേറ്റു. ഓര്‍ത്തഡോക്‌സ് സഭയിലെ തോമസ് പോള്‍ റമ്പാന്‍, ഭദ്രാസന സെക്രട്ടറി ഫാ. ജെയ്‌സ് മാത്യു, ട്രസ്റ്റി ഫാ. എല്‍ദോ ഏലിയാസ്, ജയിംസ് കട്ടക്കനായി, എം.എം. ഏബ്രഹാം എന്നിവരെ കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലും യാക്കോബായ സഭയിലെ സി.എ. കുഞ്ഞച്ചന്‍ (51), ബിനോയ് എം. തോമസ് (55),വി.വൈ. ബേസില്‍ വട്ടപറമ്പില്‍ (45), സാജന്‍ ഐസക് (44) എന്നിവരെ ബസേലിയോസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
സംഘര്‍ഷം നിയന്ത്രിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ പരുക്കേറ്റ എസ്‌ഐ ദിലീഷിനെ ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതിനിടെ ഏകപക്ഷീയമായ രീതിയില്‍ തിരുശേഷിപ്പുകള്‍ നീക്കം ചെയ്യാനുള്ള ശ്രമമാണു യാക്കോബായ സഭ നടത്തിയതെന്നും ഇതിനെതിരെ ആര്‍ഡിഒ അടക്കമുള്ളവര്‍ക്കു പരാതി നല്‍കിയിട്ടും വേണ്ടത്ര ജാഗ്രത പുലര്‍ത്തിയില്ലെന്നും റമ്പാന്‍ ആരോപിച്ചു.
















