തിരുവനന്തപുരം: ശബരിമലയെയും ആചാരങ്ങളെയും ഫേസ്ബുക്കില്‍ അപമാനിച്ച റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്. പാപ്പനംകോട് സ്വദേശി വി.കെ. നാരായണനെതിരെ കേസെടുക്കാനാണ് തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഒന്ന് ഉത്തരവിട്ടത്. മൂന്ന് വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന ഐപിസി 295, 295 എ വകുപ്പുകള്‍ പ്രകാരമാണ് കേസ്.
2018 സപ്തംബറില്‍ തന്റെ ഫേസ്ബുക്ക് പേജിലിട്ട പോസ്റ്റിനെതിരെ ബിജെപി പാപ്പനംകോട് ബൂത്ത് പ്രസിഡന്റ് പ്രകാശ് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരുന്നു. സിപിഎം അനുഭാവിയായതിനാല്‍ പോലീസ് കേസെടുത്തില്ല. ഹിന്ദു ആചാരാനുഷ്ഠാനങ്ങളെ അപമാനിക്കുന്ന തരത്തില്‍ വേറെയും പോസ്റ്റുകള്‍ ഇയാള്‍ ഫേസ്ബുക്ക് വഴി പ്രചരിപ്പിച്ചു.
പോലീസ് നടപടിയെടുക്കാതിരുന്നതോടെയാണ് പരാതിക്കാരന്‍ കോടതിയില്‍ സ്വകാര്യ അന്യായം ഫയല്‍ ചെയ്തത്. പരാതിക്കാരനു വേണ്ടി ബിജെപി തിരുവനന്തപുരം ലീഗല്‍ സെല്‍ കണ്‍വീനര്‍ അഡ്വ. രാജ്‌മോഹന്‍. ജി.ജെ, യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.ആര്‍.എസ്. രാജീവ്, അഡ്വ. പ്രകാശ്. ആര്‍.സി എന്നിവര്‍ ഹാജരായി.
















