പറവൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച സംഭവത്തില്‍ വൈദികനെതിരെ പോലീസ് കേസെടുത്തു. മൂന്ന് പെണ്‍കുട്ടികളെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ ചേന്ദമംഗലം കോട്ടയില്‍ കോവിലകം ഹോളിക്രോസ് പള്ളി വികാരി ഫാ. ജോര്‍ജ് പടയാട്ടി (68) ക്ക് എതിരേയാണ് കേസെടുത്തിരിക്കുന്നത്. കുട്ടികള്‍ പള്ളിയില്‍ പ്രാര്‍ത്ഥിക്കാന്‍ എത്തിയപ്പോഴാണ് പീഡനം നടന്നതെന്ന് വടക്കേക്കര പോലീസ് പറയുന്നു. പള്ളിക്ക് സമീപത്തുള്ള സ്‌കൂളിന്റെ മാനേജര്‍ കൂടിയാണ് ജോര്‍ജ് പടയാട്ടി. സ്‌കൂളില്‍ ഇടവേള കിട്ടുന്ന സമയങ്ങളിലാണ് ഒമ്പത് വയസ്സുള്ള പെണ്‍കുട്ടികള്‍ പ്രാര്‍ത്ഥനയ്‌ക്കായി പള്ളിയില്‍ എത്തിയത്.
വികാരിയുടെ പെരുമാറ്റത്തില്‍ പന്തികേട് തോന്നിയ ഒരു പെണ്‍കുട്ടി വിവരം സ്‌കൂളില്‍ എത്തി അധ്യാപികയെ അറിയിക്കുകയായിരുന്നു. അവര്‍ വീട്ടുകാര്‍ക്കും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ക്കും വിവരം കൈമാറി. തുടര്‍ന്നുണ്ടായ അന്വേഷണത്തിലാണ് മൂന്ന് കുട്ടികള്‍ പീഡനത്തിന് ഇരയായതായി കണ്ടെത്തിയത്.കുട്ടികള്‍ മജിസ്‌ട്രേറ്റിനു മുന്നില്‍ രഹസ്യമൊഴി നല്‍കി. കേസെടുക്കുന്നതില്‍ രക്ഷിതാക്കള്‍ക്ക് താത്പര്യമുണ്ടായിരുന്നില്ല. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ഇടപെട്ടതോടെയാണ് കേസെടുത്തത്. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തതോടെ കണ്ണിന്റെ ചികിത്സയ്‌ക്കായി പോവുകയാണെന്നും ആരും വിളിക്കരുതെന്നും പറഞ്ഞ് വൈദികന്‍ മുങ്ങി. ഇദേഹത്തിന് വേണ്ടിയുള്ള തിരച്ചില്‍ ആരംഭിച്ചുവെന്ന് പോലീസ് അറിയിച്ചു.
















