കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ വിജിലന്‍സ് വിശദമായി വീണ്ടും ചോദ്യം ചെയ്യുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതിനിടെ മുന്‍മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് ആലുവയിലെ വീട്ടിലെത്തി. ഇബ്രാഹിം കുഞ്ഞിന്റെ നിര്‍ദ്ദേശ പ്രകാരമാണ് പാലാരിവട്ടം പാലം കരാര്‍ കമ്പനിക്ക് പണം നല്‍കിയതെന്ന് മുന്‍ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടി.ഒ. സൂരജിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി.
ഇതിനിടെ ഇബ്രാഹിം കുഞ്ഞ് സ്ഥലത്തില്ലെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. കരാര്‍ ഏജന്‍സിക്ക് മുന്‍കൂര്‍ പണം നല്‍കിയതില്‍ അഴിമതിയ്‌ക്കും പണമിടപാടിനും കൃത്യമായ രേഖകള്‍ ഉള്‍പ്പടെ ലഭിച്ചെന്നും ഇബ്രാഹിംകുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യാനും അറസ്റ്റ് ചെയ്യാന്‍ വിജിലന്‍സ് ഒരുങ്ങുന്നതായും സൂചനയുണ്ടായിരുന്നു. അതിനിടയിലാണ് ഇബ്രാഹിംകുഞ്ഞ് ആലുവയിലെ സ്വന്തം വീട്ടിലെത്തുന്നത്.
എന്നാല്‍ പാലം പണിയുമായി ബന്ധപ്പെട്ട് എടുത്ത എല്ലാ തീരുമാനങ്ങളും നയപരം മാത്രമായിരുന്നുവെന്ന് ഇബ്രാഹിം കുഞ്ഞ് അറിയിച്ചു. അതേസമയം അറസ്റ്റ് മുന്‍കൂട്ടിക്കണ്ട്, മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നത് അടക്കമുള്ള കാര്യങ്ങള്‍ക്കായി കുഞ്ഞ് നിയമോപദേശം തേടിയെന്നും സൂചനയുണ്ട്.
റിമാന്‍ഡിലുള്ള ഉദ്യോഗസ്ഥന്‍ ജാമ്യാപേക്ഷയില്‍ പറയുന്നതിന് മന്ത്രിയായിരുന്ന താന്‍ മറുപടി പറയുന്നില്ലെന്ന് ഇബ്രാഹിംകുഞ്ഞ് പ്രതികരിച്ചു. കരാര്‍ കമ്പനിക്ക് മുന്‍ കൂര്‍ പമം നല്‍കുന്നതില്‍ ചട്ടലംഘനമില്ല. മൊബിലൈസേഷന്‍ അഡ്വാന്‍സ് അഥവാ പാലം പണിക്കുള്ള ഫണ്ട് ശേഖരം മുന്‍കൂറായി നല്‍കുന്ന കീഴ്‌വഴക്കം കഴിഞ്ഞ എല്ലാ സര്‍ക്കാരുകളും തുടര്‍ന്ന് വരുന്നതാണ്. ഈ സര്‍ക്കാരും അത് ചെയ്യുന്നുണ്ട്. ബജറ്റിതര പ്രോജക്ടുകള്‍ക്കെല്ലാം ഇത്തരത്തില്‍ പണം നല്‍കാറുണ്ട്. ബജറ്റില്‍ തുക വകയിരുത്താത്ത എല്ലാ പദ്ധതികള്‍ക്കും ഇത്തരത്തില്‍ പണം നല്‍കാന്‍ കഴിയും.
നിര്‍മാണ കരാറുകള്‍ക്ക് മുന്‍ കൂറായി പണം നല്‍കാന്‍ മന്ത്രിക്ക് വിവേചനാധികാരമുണ്ടെന്നും ഇതുസംബന്ധിച്ച് സുപ്രീംകോടതി മുമ്പ് പുറപ്പെടുവിച്ച വിധിയിലും പരാമര്‍ശിക്കുന്നുണ്ടെന്നും വികെ. ഇബ്രാഹിം കുഞ്ഞ് മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു. കെഎസ്ടിപി അടക്കമുള്ള എല്ലാ പ്രോജക്ടുകള്‍ക്കും ഇത്തരത്തില്‍ അഡ്വാന്‍സ് നല്‍കാം. താഴെ നിന്ന് വന്ന ഫയല്‍ താന്‍ കണ്ട് തീരുമാനമെടുത്തതാണ്. അത് ഒരു മന്ത്രിയുടെ അവകാശമാണ്. ടി.ഒ. സൂരജിനെ പൊതുമരാമത്ത് സെക്രട്ടറിയാക്കണമെന്ന് ലീഗ് ആവശ്യപ്പെട്ടിട്ടില്ല. കുറേക്കാലം പൊതുമരാമത്ത് വകുപ്പിന് സ്വന്തമായി സെക്രട്ടറിയുണ്ടായിരുന്നില്ല. അഡീഷണല്‍ സെക്രട്ടറിമാര്‍ക്ക് അധിക ചുമതല നല്‍കുകയായിരുന്നു പതിവ്. ലോകബാങ്ക് ഉള്‍പ്പടെയുള്ള ഏജന്‍സികള്‍ ഇതില്‍ ബുദ്ധിമുട്ട് അറിയിച്ച സാഹചര്യത്തിലാണ് ഇത് മാറ്റി വകുപ്പിനൊരു സെക്രട്ടറിയെ നിയമിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചതെന്നും ഇബ്രാഹിംകുഞ്ഞ് കൂട്ടിച്ചേര്‍ത്തു.
വിഷയത്തില്‍ ഇബ്രാഹിം കുഞ്ഞിനൊപ്പം കിറ്റ്‌കോയിലെയും റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പ്പറേഷനിലെയും ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തി ചോദ്യം ചെയ്യാനാണ് നിലവില്‍ വിജിലന്‍സിന്റെ തീരുമാനം. മുന്‍ പൊതുമരാമത്ത് സെക്രട്ടറി മുഹമ്മദ് ഹനീഷിനേയും വീണ്ടും ചോദ്യം ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ ഹനീഷിനെതിര ഒരു തെളിവും ഇതുവരെ കിട്ടിയിട്ടില്ല.
















