മാരാരിക്കുളം : കോളേജ് തെരഞ്ഞെടുപ്പ് നാമനിര്‍ദ്ദേശ പത്രിക നല്‍കാന്‍ പോയ എഐഎസ്എഫ് നേതാവായ വിദ്യാര്‍ത്ഥിനിയെ എസ്എഫ്‌ഐ കൈയേറ്റം ചെയ്തതായി ആരോപണം. ചേര്‍ത്തല എസ്എന്‍ കോളജിലെ മൂന്നാംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനി എസ്എന്‍പുരം നെടുംചിറയില്‍ എന്‍.എം. അര്‍ച്ചനയെ ആണ് കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചത്.
വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്. എഐഎസ്എഫ് ജില്ലാ കമ്മിറ്റി അംഗവും ചേര്‍ത്തല തെക്ക് മണ്ഡലം പ്രസിഡന്റുമാണ് അര്‍ച്ചന. ക്ലാസ് പ്രതിനിധിയായി എഐഎസ്എഫ് പാനലില്‍ നാമനിര്‍ദ്ദേശ പത്രിക നല്‍കാനെത്തിയപ്പോള്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ചേര്‍ന്ന് ഭീഷണിപ്പെടുത്തുകയും ഇടതുകൈ പിടിച്ചു തിരിക്കുകയും തള്ളുകയും ചെയ്‌തെന്നാണു പരാതി.
കോളേജ് പഠനം പൂര്‍ത്തിയാക്കി പുറത്തുപോയ ഒരാളും ഉണ്ടായിരുന്നു. എസ്എഫ്‌ഐക്കാരുടെ പെരുമാറ്റത്തില്‍ ഒപ്പമുണ്ടായിരുന്നവര്‍ പേടിച്ചു മാറിയെന്നും നാമനിര്‍ദ്ദേശ പത്രിക നല്‍കിയതിനു ശേഷവും ഭീഷണി തുടര്‍ന്നെന്നും അര്‍ച്ചന ആരോപിച്ചു. സംഭവത്തില്‍ മാരാരിക്കുളം പോലീസ് അന്വേഷണം തുടങ്ങി.
















