കൊച്ചി: കണ്ണൂര്‍ വിമാനത്താവളത്തിന്റെ(കിയാല്‍) ഓഹരി വാഗ്ദാനം ചെയ്ത് എന്‍സിപി നേതാവും പാലായിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുമായ മാണി സി. കാപ്പന്‍ കോടികള്‍ തട്ടിയതായി ആരോപണം. മുംബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മേനോന്‍ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ചെയര്‍മാന്‍ ദിനേശ് മേനോനാണ് മാണി സി. കാപ്പനെതിരെ സാമ്പത്തിക തട്ടിപ്പ് ആരോപിച്ച് രംഗത്ത് വന്നത്.
വി.എസ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്ന കാലാത്താണ് മാണി സി. കാപ്പനെ പരിചയപ്പെടുന്നതെന്ന് ദിനേശ് മേനോന്‍ പറയുന്നു. അന്ന് കിയാലിന്റെ ഓഹരി വാഗ്്ദാനം ചെയ്ത് കാപ്പന്‍ തന്റെ മകനില്‍ നിന്നും മൂന്ന് കോടി രൂപയും തന്റെ പക്കല്‍ നിന്ന് 50 ലക്ഷം രൂപയും വാങ്ങി. തിരുവനന്തപുരത്ത് സംഘടിപ്പിച്ച നിക്ഷേപക സമ്മേളനത്തില്‍ തന്നെ പങ്കെടുപ്പിക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് ഇതെക്കുറിച്ച് വിവരമൊന്നും കിട്ടാതെയായി. മാണി സി. കാപ്പനെ ബന്ധപ്പെട്ടെങ്കിലും കിയാലിന്റെ ഓഹരി പങ്കാളിത്തം തങ്ങളുടെ ഗ്രൂപ്പിന് നല്‍കാന്‍ കഴിയില്ലെന്ന് അറിയിക്കുകയായിരുന്നു.
പണം തിരികെ ചോദിച്ചെങ്കിലും അത് പല വഴിക്ക് ചെലവായെന്നായിരുന്നു മറുപടി. നിരന്തരമായി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് 25 ലക്ഷം രൂപ മാത്രമാണ് തിരികെ നല്‍കിയത്. സിബിഐക്ക് പരാതി നല്‍കിയതോടെ 3.25 കോടി രൂപയുടെ നാല് ചെക്കും കുമരകത്തെ അദ്ദേഹത്തിന്റെ സ്ഥലം ഈടായും നല്‍കി. എന്നാല്‍ നാല് ചെക്കുകളും മടങ്ങി. മുംബൈ ബോറിവില്‍ കോടതിയില്‍ ക്രിമിനല്‍ കേസ് ഫയല്‍ ചെയ്തു. സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടികളും ആരംഭിച്ചു. എന്നാല്‍ ഈ സ്ഥലമുപയോഗിച്ച് കാപ്പന്‍ 75 ലക്ഷം രൂപയുടെ മൂന്ന് ലോണുകള്‍ എടുത്തതായാണ് അറിഞ്ഞത്. ഇതോടെ ആ വഴിയും അടയുകയായിരുന്നുവെന്ന് ദിനേശ് പറഞ്ഞു.
ഈ സംഭവത്തില്‍ എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഇപ്പോഴും കേസുണ്ട്. പണം തിരികെ ലഭിക്കുന്നതിന് എന്‍സിപി സംസ്ഥാന നേതൃത്വത്തെ സമീപിച്ചിരുന്നു. മാണി സി. കാപ്പന്‍ പാര്‍ട്ടിയുടെ ട്രഷറര്‍ ആണെന്നും അദ്ദേഹം ഏത് തരത്തില്‍ ഫണ്ട് കൊണ്ടുവരുന്നെന്നും പാര്‍ട്ടി അന്വേഷിക്കാറില്ലെന്നുമായിരുന്നു പ്രസിഡന്റ് ടി.പി. പീതാംബരന്‍ മാസ്റ്ററുടെ മറുപടി. നിലവില്‍ അഞ്ച് കേസുകള്‍ മാണി സി. കാപ്പനെതിരെ ഈ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് നല്‍കിയിട്ടുണ്ട്. പണം ലഭിക്കുമെന്ന് പ്രതീക്ഷ കൊണ്ടാണ് ഇത്രയും നാള്‍ മിണ്ടാതിരുന്നത്. എന്നാല്‍ അത് ഉടനെ നടക്കില്ലെന്ന് ബോധ്യമായതോടെയാണ് ഇപ്പോള്‍ പറയേണ്ടി വന്നതെന്നും ദിനേശ് മേനോന്‍ പറഞ്ഞു.
















