കൊച്ചി: മെട്രോ ടിക്കറ്റ് നിരക്കിലെ ഇളവ് ഇന്ന് മുതല്‍ 20 ശതമാനം. ഇളവ് ഈ മാസം 30 വരെ തുടരും. ഗ്രൂപ്പ് ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കും ഈ ആനുകൂല്യം ലഭിക്കും. ഒരു മാസത്തേക്കുള്ള ട്രിപ്പ് പാസിനു 30 ശതമാനവും രണ്ടു മാസത്തേക്കുള്ള പാസിനു 40 ശതമാനവും കൊച്ചി വണ്‍ കാര്‍ഡിനു 25 ശതമാനവും കെഎംആര്‍എല്‍ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്.
മഹാരാജാസ് കോളജ് സ്റ്റേഷനില്‍നിന്നു തൈക്കൂടത്തേക്കു സര്‍വിസ് നീട്ടുന്നതിന്റെ ഭാഗമായി ഈ മാസം മൂന്നു മുതലാണ് ടിക്കറ്റ് നിരക്കില്‍ ഇളവ് പ്രഖ്യാപിച്ചത്. ഇന്നലെ വരെ 50 ശതമാനമായിരുന്നു ഇളവ്. യാത്രക്കാരുടെ എണ്ണത്തില്‍ കൊച്ചി മെട്രോ പുതിയ റെക്കോഡിലേക്കു കടന്നിരിക്കുകയാണ്. സര്‍വിസ് തൈക്കുടം വരെ നീട്ടിയതോടെ യാത്രക്കാരുടെ എണ്ണം ശരാശരി 70,000 ആയി വര്‍ധിച്ചു.
ടിക്കറ്റ് നിരക്കിലെ ഇളവാണ് യാത്രക്കാരുടെ എണ്ണം വര്‍ധിക്കാന്‍ കാരണമായത്. തൈക്കുടം വരെ സര്‍വിസ് നീട്ടിയ സാഹചര്യത്തില്‍ യാത്രക്കാരുടെ എണ്ണം അറുപത്തി അയ്യായിരത്തില്‍ കുറയില്ലെന്നും ഒരു മാസം കഴിയുന്നതോടെ ഇക്കാര്യത്തില്‍ വ്യക്തത വരുമെന്നുമാണു കെഎംആര്‍എല്ലിന്റെ പ്രതീക്ഷ. യാത്രക്കാരുടെ എണ്ണം കൂടിയതോടെ മെട്രോയുടെ പ്രവര്‍ത്തന ലാഭം രണ്ടുലക്ഷം രൂപയ്‌ക്കു മുകളിലേക്കു കടന്നു.
















