തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാറിന്റെ ഓണം ബംമ്പര്‍ ലോട്ടറി ഒന്നാം സമ്മാനം ലഭിച്ചത് കരുനാഗപ്പള്ളി ചുങ്കത്ത് ജുവല്ലറിയിലെ ആറ് ജീവനക്കാര്‍ക്ക്. സുഹൃത്തുക്കളായ ഇവര്‍ ചേര്‍ന്ന് ടിക്കറ്റ് എടുത്ത ടി. എം 160869 ടിക്കറ്റാണ് നറുക്കെടുപ്പില്‍ വിജയിച്ചത്.
ജീവനക്കാരായ റോണി, വിവേക്, രതീഷ് സുബിന്‍, രംജീം, രാജീവന്‍ എന്നിവരാണ് ഭാഗ്യശാലികള്‍. ആലപ്പുഴയില്‍ കായംകുളം ശ്രീമുരുഗാ ലോട്ടറി ഏജന്റ് ശിവന്‍കുട്ടി വിറ്റ ടിക്കറ്റാണിത്. ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയായ 12 കോടിയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായ അമ്പത് ലക്ഷം രൂപ 10 പേര്‍ക്കാണ് ലഭിക്കുന്നത്.
12 കോടി രൂപ ഒന്നാം സമ്മാനം ലഭിച്ചയാള്‍ക്കു കിട്ടുക 7.56 കോടി രൂപയാണ്. ഏജന്‍സി കമ്മിഷനും ആദായ നികുതിയും കിഴിച്ചുള്ള തുകയാണിത്.അതായത് സമ്മാനത്തുകയുടെ 63 ശതമാനമാണ്‌സമ്മാനാര്‍ഹനു ലഭിക്കുക. ഒന്നാം സമ്മാനം 12 കോടി ആയതിനാല്‍ അതിന്റെ 10 ശതമാനമായ 1.20 കോടി രൂപ ഏജന്‍സി കമ്മിഷനായി സമ്മാനത്തുകയില്‍നിന്നു കുറയും. ബാക്കി തുകയായ 10.8 കോടി രൂപയുടെ 30 ശതമാനമായ 3.24 കോടി രൂപയാണ് ആദായ നികുതി. ഇതു രണ്ടും കുറച്ച് ബാക്കി 7.56 കോടി രൂപയാണു സമ്മാനാര്‍ഹര്‍ക്ക് ലഭിക്കുന്നത്.
കഴിഞ്ഞ വര്‍ഷം 10 കോടിയായിരുന്നു ഒന്നാം സമ്മാനത്തുക. അച്ചടിച്ച് 46 ലക്ഷം ടിക്കറ്റുകളില്‍ 43 ലക്ഷത്തിലേറെയും ഇതിനകം വിറ്റുപോയിട്ടുണ്ട്. ടിക്കറ്റ് വില്‍പ്പനയിലൂടെ സംസ്ഥാന സര്‍ക്കാറിന് 29 കോടി വരുമാനമായി കിട്ടി.
















