ന്യൂദല്‍ഹി : മരടിലെ ഫ്‌ളാറ്റ് പൊളിക്കലുമായി ബന്ധപ്പെട്ട തിരുത്തല്‍ ഹര്‍ജി ഈ മാസം 23 വരെ പരിഗണിക്കില്ലെന്ന് സുപ്രീംകോടതി. ഹര്‍ജി ലിസ്റ്റ് ചെയ്യാനുള്ള നടപടികള്‍ പൂര്‍ത്തിയാകാത്തതിനെ തുടര്‍ന്നാണ് കേസ് പരിഗണിക്കുന്നത് മാറ്റിവെച്ചിരിക്കുന്നത്. കായലോരം റസിഡന്റ്‌സ് അസോസിയേഷനാണ് തിരുത്തല്‍ ഹര്‍ജി നല്‍കിയത്.
മരടിലെ ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ പൊളിച്ച് നീക്കാന്‍ സുപ്രീംകോടതി അനുവദിച്ച സമയപരിധി വെള്ളിയാഴ്ച അവസാനിക്കാനിരിക്കെയാണ് ഈ നടപടി. ഈ മാസം ഇരുപതിനകം മരടിലെ ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ പൊളിച്ച് നീക്കി റിപ്പോര്‍ട്ട് നല്‍കണമെന്നാണ് സുപ്രീംകോടതി സംസ്ഥാന ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടത്. എന്നാല്‍ സുപ്രീംകോടതി ആവശ്യപ്പെട്ട ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട് ഏത് വിധത്തില്‍ വേണമെന്ന കാര്യത്തില്‍ സംസ്ഥാന ഇനിയും തീരുമാനം എടുത്തിട്ടില്ല.
വിദേശത്തായിരുന്ന ചീഫ് സെക്രട്ടറി ഇന്ന് തിരിച്ചെത്തുന്നതോടെ ഇക്കാര്യത്തില്‍ തീരുമാനമാകുമെന്നാണ് സൂചന. വിഷയത്തില്‍ അറ്റോര്‍ണി ജനറലുമായുള്ള കൂടിയാലോചനകള്‍ തുടരുകയാണ്. ഇതുവരെ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കി മരട് നഗരസഭ സെക്രട്ടറി ചീഫ് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. നിലവില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം ലഭിച്ചതിനു ശേഷം മാത്രം മതിയെന്നാണ് നഗരസഭയുടെ തീരുമാനം.
അതേസമയം താമസക്കാരെ ഒഴിപ്പിക്കുന്നതിനെ ചോദ്യം ചെയ്ത് ഫ്‌ളാറ്റ് ഉടമകളിലൊരാള്‍ ഹൈക്കോടതിയെ സമീപിച്ചു. നഗരസഭ നോട്ടീസ് നല്‍കിയത് നിയമാനുസൃതമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.
















