കൊച്ചി : പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍ മന്ത്രി വികെ ഇബ്രാഹിംകുഞ്ഞിനെ ഉടന്‍ ചോദ്യം ചെയ്യുമെന്ന് വിജിലന്‍സ്. ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്‌തേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. പാലാരിവട്ടം പാലം നിര്‍മാണത്തിനുള്ള തുക കരാറുകാര്‍ക്ക് മുന്‍കൂറായി നല്‍കിയത് മന്ത്രിയുടെ ശുപാര്‍ശ പ്രകാരമാണെന്ന് മുന്‍ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടി.ഒ. സൂരജിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി.
അതേസമയം ഇബ്രാഹിം കുഞ്ഞിനെതിരെ ശക്തമായ തെളിവുകള്‍ ഉണ്ടെന്നും പണമിടപാട് സൂചിപ്പിക്കുന്ന തെളിവുകള്‍ ലഭ്യമായിട്ടുണ്ടെന്നും അന്വേഷണസംഘം അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ അടിയന്തിര യോഗം വിളിച്ചു. അന്വേഷണ പുരോഗതി വിലയിരുത്താനും വിശകലനം ചെയ്യാനുമാണ് യോഗം വിളിച്ചിരിക്കുന്നത്. യോഗത്തില്‍ ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്യുന്നത് സംബന്ധിച്ചും തീരുമാനം ഉണ്ടാകുമെന്നാണ് കരുതുന്നത്.
പാലം പണിക്കായുള്ള തുക മുന്‍കൂര്‍ നല്‍കാന്‍ ഉത്തരവിട്ടത് മന്ത്രിയാണെന്ന് സൂരജ് കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുന്നതിനിടെ മാധ്യമങ്ങളെ അറിയിച്ചിരുന്നു. കുടാതെ റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ കേരളയുടെ എംഡിയായിരുന്ന മുഹമ്മദ് ഹനീഷാണ് തുക അനുവദിക്കാന്‍ ശുപാര്‍ശ ചെയ്തതെന്നും അറിയിച്ചു.
കരാറിന് വിരുദ്ധമായി എട്ട് കോടി 25 ലക്ഷം രൂപ ആര്‍ഡിഎസ് കമ്പനിക്ക് നല്‍കാന്‍ രേഖാമൂലം ഉത്തരവിട്ടത് ഇബ്രാഹിം കുഞ്ഞാണെന്നാണ് സൂരജ് കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലുള്ളത്. ഈ സാഹചര്യത്തിലാണ് ഇബ്രാഹിംകുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യാന്‍ വിജിലന്‍സ് തീരുമാനിച്ചിരിക്കുന്നത്.
















