കൊച്ചി: പാലാരിവട്ടം പാലം നിര്‍മാണത്തിനുള്ള തുക മുന്‍കൂര്‍ നല്‍കാന്‍ ഉത്തരവിട്ടത് അന്നത്തെ മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ് ആയിരുന്നെന്ന് മുന്‍ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടി.ഒ. സൂരജ്. കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുന്നതിനിടയിലാണ് സൂരജ് ഇക്കാര്യം മാധ്യമങ്ങളോട് വെളിപ്പെടുത്തുകയായിരുന്നു.
കരാര്‍ കമ്പനിക്ക് പണം നല്‍കാന്‍ റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ കേരളയുടെ എംഡിയായിരുന്ന മുഹമ്മദ് ഹനീഷും ശുപാര്‍ശ ചെയ്തതെന്നും സൂരജ് പറഞ്ഞു. പാലം അഴിമതിയില്‍ മുന്‍ പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞിനെ കുറ്റപ്പെടുത്തി സൂരജ് കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. അതിനു പിന്നാലെയാണ് മാധ്യമങ്ങളോടും വെളിപ്പെടുത്തിയിരിക്കുന്നത്.
അതേസമയം കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ. സൂരജ് അടക്കമുള്ളവരുടെ റിമാന്‍ഡ് കാലാവധി അടുത്തമാസം മൂന്നുവരെ നീട്ടി. മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഇന്ന് അവധിയായതിനാല്‍ കൊച്ചിയില്‍ നടക്കുന്ന ക്യാമ്പ് സിറ്റിങ്ങിലാണ് സൂരജിനെ കൊണ്ടുവന്നത്.
















