ഈരാറ്റുപേട്ട : പാലാ ഉപതെരഞ്ഞെടുപ്പ് കണക്കിലെടുത്ത് എസ്ഡിപിഐ പിന്തുണയില്‍ ലഭിച്ച ഈരാറ്റുപേട്ട നഗരസഭ ചെയര്‍പേഴ്‌സണ്‍ സ്ഥാനം സത്യപ്രതിജ്ഞയ്‌ക്കുശേഷം സിപിഎം രാജിവെച്ചു. സിപിഎം അംഗം ലൈല പരീതാണ് എസ്ഡിപിഐ പിന്തുണ ഉപതെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് തിരിച്ചടിയാകുമോയെന്ന് ഭയന്ന് രാജിവെച്ചത്.
കഴിഞ്ഞദിവസം നടന്ന നഗരസഭാധ്യക്ഷ തെരഞ്ഞെടുപ്പില്‍ സിപിഎം അംഗം ലൈല പരീതും മുസ്ലിം ലീഗ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ വി.എം. സിറാജുമായിരുന്നു സ്ഥാനാര്‍ത്ഥികള്‍. ജനപക്ഷത്തു നിന്ന് യുഡിഎഫില്‍ എത്തിയ അംഗത്തിന്റെ ഉള്‍പ്പെടെ 12 പേരുടെ പിന്തുണ യുഡിഎഫിനുണ്ടായിരുന്നു.
എന്നാല്‍ മുന്‍ തെരഞ്ഞെടുപ്പുകളില്‍ വോട്ടെടുപ്പില്‍ നിന്നു വിട്ടു നിന്നിരുന്ന എസ്ഡിപിഐയുടെ നാല് അംഗങ്ങള്‍ ഇത്തവണ എല്‍ഡിഎഫിന് വോട്ടു രേഖപ്പെടുത്തി. ഇതോടെ 14 വോട്ട് ലഭിച്ച സിപിഎം സ്ഥാനാര്‍ഥി ലൈല പരീത് വിജയിക്കുകയായിരുന്നു. തുടര്‍ന്ന് സത്യപ്രതിജ്ഞ ചെയ്ത ലൈല പരീത് മിനിട്ടുകള്‍ക്ക് ശേഷം സ്ഥാനം രാജിവെയ്‌ക്കുകയായിരുന്നു.
സത്യപ്രതിജ്ഞ ചെയ്യാതെ രാജിവച്ചാല്‍ രണ്ടാം സ്ഥാനത്തെത്തിയ സിറാജിനെ വിജയിയായി പ്രഖ്യാപിക്കുമെന്നതിനാലാണ് സത്യപ്രതിജ്ഞ നടത്തിയ ശേഷം രാജി. ഇനി വീണ്ടും തെരഞ്ഞെടുപ്പു നടത്തുമെന്നു വരണാധികാരി പറഞ്ഞു. എസ്ഡിപിഐ പിന്തുണയില്‍ അധികാരത്തില്‍ എത്തുന്നതിനെ സിപിഎം പ്രാദേശിക നേതൃത്വവും ശക്തമായ നിരോധനം ഏര്‍പ്പെടുത്തി.
















