തിരുവനന്തപുരം : തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയതിന് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മയ്‌ക്ക് തെരഞ്ഞെടുപ്പ് കമ്മിഷന്‍ താക്കീത് നല്‍കി. പാലാ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മത്സ്യ മാര്‍ക്കറ്റ് സംബന്ധിച്ച പ്രഖ്യാപനം നടത്തിയതിനാണ്. മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍(സിഇഒ) ടിക്കാറാം മീണ താക്കീതു ചെയ്തത്.
പെരുമാറ്റച്ചട്ടം നിലനില്‍ക്കേ പാലായില്‍ മത്സ്യ മാര്‍ക്കറ്റ് അനുവദിക്കുമെന്ന മേഴ്‌സിക്കുട്ടിയമ്മയുടെ പ്രഖ്യാപനം വോട്ടര്‍മാരെ സ്വാധീനിക്കും. പെരുമാറ്റച്ചട്ടം നിലല്‍ക്കുമ്പോള്‍ ഇത്തരത്തിലുള്ള പ്രഖ്യാപനങ്ങളോ വാഗ്ദാനങ്ങളോ പാടില്ലെന്ന് നിയമം ഉള്ളതാണ്.
മന്ത്രിയുടെ പ്രഖ്യാപനം ചട്ടലംഘനമാണെന്നു ചൂണ്ടിക്കാട്ടി കേരള കോണ്‍ഗ്രസ് നേതാവ് ജോസഫ് എം.പുതുശ്ശേരിയാണു തിരഞ്ഞെടുപ്പു കമ്മിഷനു പരാതി നല്‍കിയത്. തുടര്‍ന്നു കോട്ടയം കളക്ടറോടു കമ്മിഷന്‍ റിപ്പോര്‍ട്ട് തേടി. അദ്ദേഹത്തിന്റെ റിപ്പോര്‍ട്ടും ഇതുമായി ബന്ധപ്പെട്ടു ടിവി ചാനലുകളില്‍ വന്ന വാര്‍ത്തകളുടെ ദൃശ്യങ്ങളും മറ്റും പരിശോധിച്ച ശേഷമാണു ചട്ടലംഘനമാണെന്നു കമ്മിഷന്റെ നടപടി.
















