കൊച്ചി : പാലാരിവട്ടം പാലം നിര്‍മാണം പഞ്ചവടിപ്പാലം പോലെയെന്ന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. കേസില്‍ അറസ്റ്റിലായ ടി.ഒ. സൂരജ് അടക്കമുളളവര്‍ നല്‍കിയ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതി ഇത്തരത്തില്‍ പ്രതികരിച്ചത്.
നിര്‍മാണത്തിന് മേല്‍നോട്ടം വഹിച്ചത് ആരെന്ന കോടതിയുടെ ചോദ്യത്തിന് പൊതുജനത്തിന്റെ ജീവന് ഭീഷണിയാകും വിധത്തിലാണ് പാലം നിര്‍മിച്ചതെന്ന മറുപടിയാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയത്. എന്നാല്‍ സിനിമാ കഥ യാഥാര്‍ത്ഥ്യമാകുന്നത് പോലെയാണ് കാര്യങ്ങളുടെ പോക്കെന്ന് ഇതിനു മറുപടിയായി കോടതി അറിയിക്കുകയായിരുന്നു. അതേസമയം പാലം നിര്‍മ്മാണവുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ ഇനിയും അറസ്റ്റുണ്ടാകുമെന്ന് വിജിലന്‍സ് ഹൈക്കോടതിയെ അറിയിച്ചു. ഉദ്യോഗസ്ഥരടക്കം കൂടുതല്‍ പേരെ ചോദ്യം ചെയ്യാനുണ്ടെന്നും തെളിവുകള്‍ ശേഖരിച്ചുവരികയായെണെന്നുമാണ് അന്വേഷണ സംഘം അറിയിച്ചത്.
സൂരജടക്കം റിമാന്‍ഡില്‍ക്കഴിയുന്ന പ്രതികളുടെ അഴിമതിയിലെ പങ്കാളിത്തവും നിലവിലെ അന്വേഷണ പുരോഗതിയും അറിയിക്കാനും സര്‍ക്കാരിനോട് ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ജാമ്യാപേക്ഷകള്‍ ഈ മാസം 24ന് വീണ്ടും പരിഗണിക്കും. എന്നാല്‍ പാലം നിര്‍മാണ നടപടികളില്‍ താനൊരു ഉപകരണം മാത്രമായിരുന്നെന്നും സര്‍ക്കാര്‍ ഫയലുകളില്‍ ഒപ്പിടുക മാത്രമാണ് ചെയ്തതെന്നും മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ. സൂരജ് അഭിഭാഷകന്‍ മുഖേന കോടതിയില്‍ അറിയിച്ചത്.
















