തിരുവനന്തപുരം: കിഫ്ബിയിലും കണ്ണൂര്‍ എയര്‍പോര്‍ട്ട് അതോറിറ്റിയിലും (കിയാല്‍) സി.എ.ജി. ഓഡിറ്റ് അനുവദിക്കാത്ത സര്‍ക്കാര്‍ നിലപാടില്‍ ഗവര്‍ണര്‍ ഇടപെട്ടതോടെ ഇരവാദവുമായി മുഖ്യമന്ത്രി പിണറായി. രണ്ടു സ്ഥാപനങ്ങളിലും ഓഡിറ്റ് റിപ്പോര്‍ട്ട് അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് കത്തു നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് ഗവര്‍ണര്‍ പ്രശ്നത്തില്‍ ഇടപെട്ടത്. ഇതു സംബന്ധിച്ച നടപടികള്‍ രാജ്ഭവന്‍ തുടങ്ങിയതോടെയാണ് ഇരവാദവുമായി പിണറായി രംഗത്തെത്തിയത്.
കിഫ്ബിയെ തകര്‍ക്കാന്‍ ആസൂത്രിത ശ്രമം നടക്കുന്നു എന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പുതിയ വാദം ഉയര്‍ത്തിയിരിക്കുന്നത്. നാടിന്റെ വികസനം നടപ്പാക്കാന്‍ പുതിയ സാമ്പത്തിക സ്രോതസ് കണ്ടെത്തുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്തത്. കിഫ്ബി വഴിയാണ് ധനസമാഹരണം നടക്കുന്നത്. അതിനെ എങ്ങനെയെങ്കിലും തകര്‍ക്കണം എന്നാണ് ചിലരുടെ മനോഭാവം. ആര് വികസനം നടത്തിയാലും നാടിനാണ് ഗുണമെന്ന് ഇക്കൂട്ടര്‍ കരുതുന്നില്ലെന്നും പിണറായി വിജയന്‍ പറയുന്നത്. പാല ഉപതെരഞ്ഞെടുപ്പിന്റെ പ്രചരവേദിയിലാണ് മുഖ്യമന്ത്രി പരിവേദനവുമായി രംഗത്തെത്തിയത്.
പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം 2017 ജൂണ്‍ 28 നു അക്കൗണ്ടുകള്‍ ഓഡിറ്റ് ചെയ്യുവാന്‍ സി.എ.ജിക്കു അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടി അന്നത്തെ കിയാല്‍ എം.ഡി. കത്ത് നല്‍കിയതോടെയാണ് വിവാദം ഉടലെടുത്തത്.
















