കൊച്ചി: പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണം സിബിഐക്ക് വിട്ടുകൊടുക്കുന്ന വിഷയത്തില്‍ സര്‍ക്കാരിന്റെ തീരുമാനത്തെ സ്വഗതം ചെയ്യുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. ഇത് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടും മുഖ്യമന്ത്രിക്ക് അടുത്തു തന്നെ ഡിജിപി കൈമാറും.
സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബാലഭാസ്‌കറിന്റെ അച്ഛന്‍ നല്‍കിയ നിവേദനം മുഖ്യമന്ത്രി ഡിജിപിക്ക് കൈമാറിയിരുന്നു. ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും കേസ് സിബിഐ അന്വേഷിക്കണമെന്നും മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ വ്യക്തമാക്കുന്നു.
സാഹചര്യത്തെളിവുകളും ശാസ്ത്രീയതെളിവുകളും അനുസരിച്ച് ബാലഭാസ്‌കറിന്റേത് അപകടമരണമാണെന്ന നിഗമനത്തിലാണ് ക്രൈംബ്രാഞ്ച് എത്തിയത്. ശാസ്ത്രീയപരിശോധനാ ഫലങ്ങളുടെ അടിസ്ഥാനത്തില്‍ അപകട സമയത്ത് വാഹനമോടിച്ചത് ഡ്രൈവര്‍ അര്‍ജ്ജുനാണെന്നും അന്വേഷണസംഘം കണ്ടെത്തിയിരുന്നു. സ്വര്‍ണക്കടത്തുകേസിലെ പ്രതികളായ സുഹൃത്തുക്കള്‍ ബാലഭാസ്‌കറിനെ കൊലപ്പെടുത്തിയെന്ന ബന്ധുക്കളുടെ ആരോപണം ക്രൈം ബ്രാഞ്ച് തള്ളി.
ക്രൈംബ്രാഞ്ച് ഐജിയുടെ നേതൃത്വത്തില്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ യോഗം കഴിഞ്ഞദിവസം ചേര്‍ന്നിരുന്നു. കേസില്‍ ചില സാമ്പത്തിക ഇടപാടുകള്‍ കൂടി പരിശോധിക്കണമെന്നും ഡിജിപിയുടെ നിര്‍ദ്ദേശം നല്‍കി.
















