ന്യൂദല്‍ഹി: മരടിലെ കായല്‍ കൈയ്യേറി നിര്‍മ്മിച്ച ഫ്‌ളാറ്റുകള്‍ പൊളിച്ചുമാറ്റാനുള്ള സുപ്രീംകോടതി വിധിയില്‍ ഇടപെടാനാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. മരട് പ്രശ്‌നം സംസ്ഥാന വിഷയമാണ്. മാത്രമല്ല സുപ്രീം കോടതി ഇടപെടലുമുണ്ട്. കോടതി കേസ് പരിഗണിച്ച സന്ദര്‍ഭത്തിലൊന്നും കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തോട് വിശദീകരണം പോലും ചോദിച്ചിട്ടില്ല. അതുകൊണ്ട് ഈ ഘട്ടത്തില്‍ ഇടപെടേണ്ട കാര്യമില്ലെന്ന നിലപാടിലാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ചേര്‍ന്ന മരട് ഫ്‌ളാറ്റ് സംബന്ധിച്ചുള്ള സര്‍വ്വകക്ഷി യോഗത്തില്‍ പ്രശ്‌നപരിഹാരം തേടി മുഖ്യമന്ത്രിയും ഗവര്‍ണറും കേന്ദ്ര പരിസ്ഥിതി മന്ത്രിയുമായി ഫോണില്‍ സംസാരിച്ചിരുന്നു. മരടിലെ ഫ്‌ലാറ്റുകള്‍ ഈ മാസം ഇരുപതിനകം പൊളിച്ച് മാറ്റണമെന്ന സുപ്രീകോടതി വിധിയില്‍ ഇതോടെ കേന്ദ്രസര്‍ക്കാര്‍ നിലപാട് വ്യക്തമാക്കുകയാണ്. സംസ്ഥാന വിഷയമായതിനാല്‍ സംസ്ഥാന സര്‍ക്കാരിന് വേണമെങ്കില്‍ പുനപരിശോധന ഹര്‍ജിയുമായി മുന്നോട്ട് പോകാമെന്നും കേന്ദ്രം പറയുന്നു.
കുറ്റക്കാരായ നിര്‍മാതാക്കള്‍ക്കെതിരെ നടപടി പ്രഖ്യാപിക്കാത്തത് ശരിയല്ല. താമസക്കാരുടെ പ്രതിഷേധത്തിന്റെ മറവില്‍ നിയമലംഘനം മറയ്‌ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നുമാണ് പരിസ്ഥിതി മന്ത്രാലയത്തിന്റെ നിരീക്ഷണം. അതേസമയം, മരട് ഫ്ളാറ്റ് കേസ് അടിയന്തരമായി പരിഗണിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ഉടന്‍ പരിഗണിക്കില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. മരട് പരിസ്ഥിതി ആഘാത പഠനം നടത്തണമെന്ന ഹര്‍ജിയും അടിയന്തിരമായി പരിഗണിക്കാനാവില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് സുപ്രീംകോടതി മാറ്റിവെച്ചത്. മരട് ഫ്ളാറ്റ് പൊളിക്കലുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ഉടന്‍ പരിഗണിക്കണമെന്നും ഫ്ളാറ്റുകള്‍ പൊളിക്കുന്നതിനു മുമ്പ് പാരിസ്ഥിതിക പഠനം നടത്തണമെന്നും ആവശ്യപ്പെട്ട് സമീപ വാസിയാണ് ഹര്‍ജി നല്‍കിയത്.
മരടില്‍ നിയമവിരുദ്ധമായി നിര്‍മിച്ച ഫ്ളാറ്റുകള്‍ക്ക് സമീപം താമസിക്കുന്ന അഭിലാഷ് എം.ജി. എന്നയാളായിരുന്നു സുപ്രീംകോടതിയില്‍ റിട്ട് ഹര്‍ജി നല്‍കിയത്. കായലുകള്‍ക്കു സമീപമാണ് ഈ ഫ്ളാറ്റുകള്‍ സ്ഥിതി ചെയ്യുന്നത്. ഇവ പൊളിക്കുമ്പോഴുള്ള മാലിന്യം എന്തു ചെയ്യുമെന്ന കാര്യത്തില്‍ വ്യക്തമായ ധാരണയില്ല. മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നത് പരിസ്ഥിതിക്ക് കോട്ടം വരുത്തുന്ന വിധത്തിലാകുമോ എന്നും പരിശോധിക്കേണ്ടതുണ്ട്. അതുകൊണ്ടുതന്നെ ഏതെങ്കിലും വിദഗ്ധ ഏജന്‍സിയെക്കൊണ്ട് പരിസ്ഥിതി ആഘാതപഠനം നടത്തണം.
ഫ്ളാറ്റ് പൊളിക്കുന്നതുമൂലം പരിസ്ഥിതിക്ക് ഏതെങ്കിലും കോട്ടം വരികയാണെങ്കില്‍ അതു പരിഹരിക്കാനുള്ള ചെലവ് നിര്‍മ്മാതാക്കളില്‍ നിന്ന് ഈടാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തെയും കക്ഷി ചേര്‍ത്തായിരുന്നു ഹര്‍ജി. മന്ത്രാലയത്തിന്റെ അഭിപ്രായം കൂടി കേട്ടശേഷമേ ഫ്ളാറ്റുകള്‍ പൊളിക്കുന്ന കാര്യത്തില്‍ അന്തിമതീരുമാനത്തില്‍ എത്താവൂ എന്നും റിട്ട് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. ചൊവ്വാഴ്‌ച്ചയാണ് ഹര്‍ജി ഫയല്‍ ചെയ്തത്.
അതിനിടെ മരടിലെ ഫ്ളാറ്റുകളില്‍ നിന്ന് ഒഴിഞ്ഞ് പോകണമെന്ന നഗരസഭയുടെ നോട്ടീസിനെതിരെ ഫ്ളാറ്റ് ഉടമകള്‍ ഇന്ന് ഹൈക്കോടതിയെ സമീപിക്കും. അഞ്ച് ദിവസത്തിനകം ഒഴിഞ്ഞ് പോകണമെന്ന നഗരസഭയുടെ അന്ത്യശാസനം നിയമവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.
















