തൃശൂര്‍ : പ്രളയക്കെടുതികളിലെ നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ പ്രത്യേക കേന്ദ്രസംഘം ഇന്ന് വടക്കന്‍ ജില്ലകള്‍ സന്ദര്‍ശിക്കും. തൃശ്ശൂര്‍, വയനാട് ജില്ലകളിലായി ചാലക്കുടി, മാള, പൊയ്യ, കുഴൂര്‍, പുഴയ്‌ക്കല്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് സംഘം ഇന്ന് സന്ദര്‍ശനം നടത്തും.
രാവിലെ കളക്ട്രേറ്റില്‍ എത്തുന്ന സംഘത്തിന് മുന്നില്‍ പ്രകൃതിദുരന്തങ്ങളുടെ ആഘാതം ബോധ്യപ്പെടുത്തുന്ന റിപ്പോര്‍ട്ട് അവതരിപ്പിക്കും. പുത്തുമല, കുറിച്യാര്‍മല തുടങ്ങിയ ദുരന്തബാധിത പ്രദേശങ്ങളും സംഘം സന്ദര്‍ശിക്കും. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ജോയിന്റ് സെക്രട്ടറി ശ്രീപ്രകാശിന്റെ നേതൃത്വത്തിലുളള നാലംഗ സംഘമാണ് വയനാട്ടിലെത്തുന്നത്.
2101.9 കോടിയുടെ സഹായമാണ് പ്രളയദുരിതാശ്വാസമായി സംസ്ഥാനം കേന്ദ്രസംഘത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞദിവസം മലപ്പുറം, ആലപ്പുഴ ജില്ലകളില്‍ സംഘം സന്ദര്‍ശനം നടത്തിയിരുന്നു. ഈ സംഘത്തിന്റെ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ മറ്റൊരു സംഘംകൂടി കേരളത്തിലെത്തി പരിശോധന നടത്തും.
















