താരേ ജ്യോതിഷി സംയോജ്യ
കിംചിദുന്നമയേദ് ഭ്രുവൗ
പൂര്‍വയോഗം മനോ യുഞ്ജ-
ന്നുന്മനീകാരകഃ ക്ഷണാത്-4 -39
പുരികങ്ങള്‍ അല്പമുയര്ത്തി കണ്മണികള് പ്രകാശത്തില്‍ കേന്ദ്രീകരിച്ച് മുമ്പു പറഞ്ഞതുപോലെ യോഗം ചെയ്താല്‍ പെട്ടെന്നു തന്നെ ഉന്മനി ലഭിക്കും.
ശരിയായ ഏകാഗ്രത എന്താണ്? നമ്മള് ഏകാഗ്രമാക്കി വെക്കുന്ന വസ്തുവില്‍ മാത്രം മനസ്സു പൂര്‍ണമായും ലയിച്ചാല്‍ ഏകാഗ്രത പൂര്‍ണമായി. അതു തന്നെ സമാധി. വിവേകാനന്ദ സ്വാമി സമാധിയെ രീിരലിൃേമശേീി എന്നാണ് തര്‍ജ്ജുമ ചെയ്തിട്ടുള്ളത്. ഭ്രൂമധ്യത്തില്‍ തന്നെ ദൃഷ്ടി ഉറപ്പിച്ച് കുറേ സമയം ഇരിക്കുമ്പോള്‍ അവിടെ ഒരു ചെറിയ ജ്യോതി പ്രത്യക്ഷപ്പെടും. കണ്ണടച്ച് അതില്‍ത്തന്നെ കുറേ സമയം ശ്രദ്ധിച്ചാല്‍ ആ പ്രകാശം മാത്രം ബാക്കിയാവും. ബാക്കിയൊക്കെ അപ്രത്യക്ഷമാവും. അവിടെ സമാധി ലഭിച്ചാല്‍ അത് ഉന്മനി.
കേചിദാഗമ ജാലേന –
കേചിന്നിഗമ സങ്കുലൈഃ
കേചിത്തര്‍ക്കേണ മുഹ്യന്തി
നൈവ ജാനന്തി താരകം-4- 40
ചിലര്‍ ആഗമങ്ങളാലും ചിലര്‍ നിഗമങ്ങ ളാലും മറ്റു ചിലര്‍ തര്‍ക്കങ്ങളാലും മോഹിക്കപ്പട്ടിരിക്കുന്നു. എന്നാല്‍ മോചന മാര്‍ഗം ആര്‍ക്കും അറിയില്ല.
ഉന്മനി മാത്രമെ മാര്‍ഗമുള്ളൂ എന്നാണ് ഇവിടെ ഉറപ്പിക്കുന്നത്. ‘ആഗച്ഛന്തി ബുദ്ധിം ആരോഹന്തി അര്‍ഥാ ഏഭ്യഃ ‘ ഏതില്‍ നിന്നാണോ അര്‍ഥങ്ങള്‍ വന്ന് ബുദ്ധിയില്‍ സ്ഥാനം പിടിക്കുന്നത് അതാണ് ആഗമങ്ങള്‍. അതായത് തന്ത്രം, ശാസ്ത്രങ്ങള്‍ മുതലായവ. അവയുടെ വലയില്‍ (ജാലം) പെട്ട് ജനം മോഹിക്കുന്നു. അവയില്‍ പറയുന്ന പലതരം ഫലങ്ങളെ തേടി വലയുന്നു. നിഗമങ്ങള്‍ എന്നാല്‍ വേദങ്ങള്‍. അവയില്‍ പറഞ്ഞ പല തരം യാഗഫലങ്ങളെ ആഗ്രഹിച്ച് കര്‍മ്മങ്ങള്‍ ചെയ്തു കൊണ്ടിരിക്കുന്നു. ചിലര്‍ ന്യായം, വൈശേഷികം, തര്‍ക്കം മുതലായവയിലൂടെ പല തര്‍ക്കങ്ങളിലും യുക്തികളിലും ഏര്‍പ്പെട്ട് വലയുന്നു. തരണം ചെയ്യാന്‍ സഹായിക്കുന്നതാണ് താരകം. ഈ സംസാരസാഗരത്തെ തരണം ചെയ്യാന്‍, കടക്കാന്‍ ഉള്ള ഉപായം, തോണി ഏതെന്ന് വൈദികര്‍ക്കോ താന്ത്രികര്‍ക്കോ താര്ക്കികര്ക്കോ അറിയില്ല.
ആഗമമെന്നാല്‍ ശിവന് ശക്തിക്കുപദേശിക്കുന്നതെന്നൊരു സങ്കല്പവുമുണ്ട്. ശൈവമായ അത്തരം ഗ്രന്ഥങ്ങളില്‍ ശിവന്നായിരിക്കും പ്രാധാന്യം. എന്നാല്‍ ശക്തി ശിവന്നുപദേശം നല്കുന്ന നിഗമങ്ങളില്‍ ശക്തിയില്ലാതെ ശിവന് ശവമാണ് എന്ന് സ്ഥാപിക്കും.
സത്യയുഗത്തില്‍ വേദമാണ് ധര്‍മ്മത്തെ, സഫല ജീവിത പദ്ധതിയെ അവതരിപ്പിച്ചത്.
ത്രേതായുഗത്തില്‍ സ്മൃതികള്‍ അതു തന്നെ ചെയ്തു. ദ്വാപരയുഗത്തില്‍ അതു ചെയ്തത് പുരാണങ്ങളാണ്. ഇപ്പോള്‍, കലിയുഗത്തില്‍ ആഗമനിഗമങ്ങളും 64 തന്ത്രങ്ങളുമാണ് (ചതുഃ ഷഷ്ഠ്യാ തന്ത്രൈഃ) ധര്‍മ പ്രചരണത്തിനടിസ്ഥാനം.
ഒരു യുഗത്തിലെ ധര്‍മ്മം മറ്റൊരു യുഗത്തില്‍ അതേപടി ഫലവത്താകണമെന്നില്ല. കലിയുഗത്തില്‍ തന്നെ ആഗമ – നിഗമ – തന്ത്രങ്ങളിലെ ജ്ഞാന – സാധനകള്‍ മനസ്സിലാക്കാന്‍ കഴിയാത്തവരാണ് കൂടുതല്‍. എന്നാല്‍ യോഗ പദ്ധതി തന്നെയാണ് കൂടുതല്‍ പ്രയോജനകരമെന്നാണ് ഇവിടെ സ്ഥാപിക്കുന്നത്.
അര്ധോന്മീലിതലോചനഃ
സ്ഥിരമനാ
നാസാഗ്ര ദത്തേക്ഷണ –
ശ്ചന്ദ്രാര്ക്കാവപി ലീനതാമപനയ – ന്നിഷ്പന്ദ ഭാവേന യഃ
ജ്യോതീരൂപമശേഷ ബീജമഖിലം
ദേദീപ്യമാനം പരം
തത്വം തദ്പദമേതിവസ്തുപരമം
വാച്യം കിമത്രാധികം – 4 – 41
പകുതി തുറന്ന കണ്ണുമായി, സ്ഥിരമായ മനസ്സോടെ, മൂക്കിന്റെ അറ്റത്തു നോക്കിക്കൊണ്ട്, നിഷ്പന്ദ ഭാവത്തോടെ, സൂര്യചന്ദ്രമാരെ ലയിപ്പിച്ചു കൊണ്ട് യോഗി, ജ്യോതീരൂപമായി എല്ലാറ്റിനും ബീജമായി, എല്ലാറ്റിനെയും പ്രകാശിപ്പിച്ചുകൊണ്ടി രിക്കുന്ന പരമ തത്വത്തെ, പരമ വസ്തുവിനെ പ്രാപിക്കുന്നു. എന്തിനേറെ പറയണം?
ഇവിടെ പറഞ്ഞത് പുതിയൊരു മുദ്രയാണ് – 11ാമത്തേത് – നാസികാഗ്ര മുദ്ര. ഇത് കുണ്ഡലിനീ പ്രബോധത്തിന് ഹഠയോഗത്തിലുള്ള ഒരു സാധനയാണ്. ധ്യാനാസനത്തിലിരുന്ന് മൂക്കിന്റെ അറ്റത്ത് നോക്കുമ്പോള്‍ ആദ്യം കണ്ണുകഴയ്ക്കും. പക്ഷെ ക്രമേണ ശീലമാവും. പിന്നെ ശ്വാസത്തില്‍ ശ്രദ്ധിക്കണം. ഏതു മൂക്കിലൂടെയാണ് ശ്വാസം ഒഴുകുന്നതെന്ന റിയണം. രണ്ടിലൂടെയും തുല്യമായി (അതായത് സുഷുമ്നയിലൂടെ ) ഒഴുകാന്‍ തുടങ്ങിയാല്‍ ഫലം കാണുന്നു എന്നര്‍ഥം. പത്തു മിനിറ്റ് മൂക്കിനറ്റം നോക്കിയ ശേഷം കണ്ണടക്കുക. മുന്നിലുള്ള ശൂന്യമായ ഇരുട്ടിനെ (ചിദാകാശം) നോക്കുക. അവിടെ ഒരു വെളിച്ചം (ജ്യോതി) കാണാന്‍ തുടങ്ങിയാല്‍ അതില്‍ ശ്രദ്ധിക്കുക. ക്രമത്തില്‍ നമ്മുടെ ബോധത്തെ മുഴുവന്‍ ഉള്‍ക്കൊള്ളാന്‍ ഈ ജ്യോതിസിനു കഴിയും.
അപ്പോള്‍ യോഗി സ്വരൂപത്തില്‍ അവസ്ഥിതനാകും. പതഞ്ജലി പറയുന്ന ‘തദാ ദൃഷ്ടുഃ സ്വരൂപേ ള സ്ഥാനം’ അനുഭവവേദ്യമാകും. സമാധി നേടും. നാസാഗ്രം മുതല്‍ 12 അംഗുലം വരെ ദൃഷ്ടി നീളാമെന്ന് വസിഷ്ഠന് പറയുണ്ട്. ‘ദ്വാദശാം ഗുല പര്യന്തേ നാസാഗ്രേ വിമലേംബരേ.’അവിടെത്തന്നെ ചിദാകാശവും (വിമലം അംബരം). അപ്പോള്‍ പ്രാണ സ്പന്ദം നിരുദ്ധമാവും. ചന്ദ്ര സൂര്യന്മാരുടെ (ചന്ദ്രന് ഇടതു മൂക്ക്, സൂര്യന് വലതു മൂക്ക്) ലയമെന്നാല്‍ രണ്ടു മൂക്കിലൂടെയും (സുഷുമ്നാ ) ശ്വാസം വരികയാണ്. അശേഷ ബീജമെന്നാല്‍ ആകാശാദി കളുടെ ഉത്ഭവത്തിനു കാരണമായതെ ന്നര്‍ഥം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: