പാലാ: നരേന്ദ്ര മോദി സര്‍ക്കാരിന്റെ ജനക്ഷേമപദ്ധതികള്‍ ഏറ്റെടുത്ത് പ്രചരിപ്പിച്ച് പാലാ രൂപത. രൂപതാ മെത്രാന്‍ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് പുറത്തിറക്കിയ പ്രത്യേക ബുള്ളറ്റിനിലാണ് ജനങ്ങള്‍ക്ക് സഹായകമാകുന്ന കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളില്‍ അംഗങ്ങളാകണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.
കേന്ദ്ര സര്‍ക്കാരിന്റെ സാമൂഹ്യസുരക്ഷാ പദ്ധതികള്‍ എല്ലാ വിശ്വാസികളും പ്രയോജനപ്പെടുത്തണമെന്നും അദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. മാസം ഒരു രൂപ നിരക്കില്‍ രണ്ട് ലക്ഷം രൂപവരെ അപകട ഇന്‍ഷുറനസ് ലഭിക്കുന്ന പ്രധാനമന്ത്രി സുരക്ഷാ ബീമായോജന, അസംഘടിതമേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് പെന്‍ഷന്‍ ലഭ്യമാക്കുന്ന അടല്‍പെന്‍ഷന്‍ യോജന, മാസം 27.50 രൂപ നിരക്കില്‍ രണ്ടു ലക്ഷം രൂപയുടെ ലൈഫ് ഇന്‍ഷുറന്‍സ് ലഭിക്കുന്ന പ്രധാനമന്ത്രി ജീവന്‍ ജ്യോതി ബീമായോജന, പ്രതിവര്‍ഷം അഞ്ചുലക്ഷം രൂപയുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കുന്ന ആയുഷ്മാന്‍ ഭാരത് തുടങ്ങിയ വിവിധ പദ്ധതികളില്‍ അംഗങ്ങളാകണമെന്നാണ് പാലാ രൂപതാ മെത്രാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ ഇങ്ങനെയുള്ള ജനോപകാരപ്രദമായ പദ്ധതികള്‍ അറിയുകപോലും ചെയ്യാതെ പോകുന്ന സാഹചര്യം മാറണമെന്നും ബിഷപ് ജോസഫ് കല്ലറങ്ങാട്ട് പുറത്തിറക്കിയ രൂപതാ ബുള്ളറ്റിനില്‍ പറയുന്നു.
















