തിരുവനന്തപുരം: പാലാരിവട്ടം പാലം പൊളിച്ചുപണിയാൻ സർക്കാർ തീരുമാനം. നിർമാണത്തിന്റെ രൂപരേഖയും നിർമാണ ചെലവും തയാറാക്കാൻ ഇ.ശ്രീധരനെ ചുമതലപ്പെടുത്തി. ഇന്ന് രാവിലെ മുഖ്യമന്ത്രി വിളിച്ചു ചേർത്ത യോഗത്തിലാണ് തീരുമാനം. നിലവിലെ പാലം പൂർണമായും പൊളിച്ചു നീക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.
സാങ്കേതികമായും സാമ്പത്തികമായും പുനര്‍നിര്‍മാണമാണ് നല്ലതെന്നാണ് വിലയിരുത്തലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒക്ടോബര്‍ ആദ്യവാരത്തില്‍ ആരംഭിക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഒരു വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. സര്‍ക്കാര്‍ അഭ്യര്‍ത്ഥന പ്രകാരം പാലം നിര്‍മാണത്തിലെ അപാകതകള്‍ ഇ. ശ്രീധരന്റെ നേതൃത്വത്തിലുളള സംഘം നേരത്തേ പഠിച്ചിരുന്നു. ഏതെങ്കിലും തരത്തിലുള്ള അറ്റകുറ്റപ്പണികള്‍ കൊണ്ടോ മറ്റേതെങ്കിലും വിധത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ കൊണ്ടോ പാലാരിവട്ടം പാലത്തിന്റെ ബലക്ഷയം പൂര്‍ണമായി പരിഹരിക്കാനാകില്ലെന്ന് ഇ. ശ്രീധരന്‍ സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.
അടിസ്ഥാനപരമായി പാലത്തിന് ബലക്ഷയമുണ്ടെന്നും അതിനാല്‍ പാലം പുതുക്കിപണിയണമെന്നും ശ്രീധരന്റെ റിപ്പോര്‍ട്ട് പറയുന്നു. വിഷയവുമായി ബന്ധപ്പെട്ട് ചെന്നൈ ഐഐടിയും റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. തകര്‍ച്ച നേരിട്ട പാലം പുനഃരുദ്ധരിക്കുകയാണെങ്കില്‍ എത്രകാലം നിലനില്‍ക്കുമെന്നു ചെന്നൈ ഐഐടി റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നില്ല. മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ ഇ. ശ്രീധരന് പുറമെ ചെന്നൈ ഐഐടിയിലെ വിദഗ്ധരും പങ്കെടുത്തിരുന്നു.
















