ചെര്‍പ്പളശ്ശേരി : അമിത വേഗത്തില്‍ വാഹനം ഓടിച്ച ടിപ്പര്‍ ലോറി ഡ്രൈവറെ ഉപദേശിച്ച് പി.കെ. ശശി എംഎല്‍എ. ലോറി തടഞ്ഞു നിര്‍ത്തി ‘അടിച്ചു കണ്ണുപൊട്ടിക്കുമെന്ന്’ എംഎല്‍എ ഡ്രൈവറോട് താക്കീത് നല്‍കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്.
ശനിയാഴ്ച വൈകിട്ട് ചെര്‍പ്പളശ്ശേരി മാങ്ങോട്ടാണ് സംഭവം നടന്നത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമുഹ മാധ്യമങ്ങളിലും പ്രചരിക്കുന്നുണ്ട്. സംഭവം നടക്കുമ്പോള്‍ പ്രദേശത്തുണ്ടായിരുന്ന ഒരാള്‍ ഇത് പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു.
ഡിവൈഎഫ്‌ഐ പാലക്കാട് ജില്ലാ കമ്മിറ്റി അംഗമായിരുന്ന യുവതിയുടെ പീഡന പരാതിയെത്തുടര്‍ന്നു സിപിഎം പ്രാഥമിക അംഗത്വത്തില്‍ നിന്ന് ആറു മാസത്തേക്കു സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ശശിയെ പാലക്കാട് ജില്ലാ കമ്മിറ്റിയിലേക്കു തിരിച്ചെടുക്കാന്‍ കഴിഞ്ഞ ദിവസമാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനമെടുത്തത്.
അതിനു പിന്നാലെയാണ് പൊതുജന സാന്നിധ്യത്തില്‍ അമിത വേഗതയില്‍ പാഞ്ഞ ലോറിയെ തടഞ്ഞു നിര്‍ത്തി പി.കെ. ശശി വാഹനത്തെ തടഞ്ഞു നിര്‍ത്തി ഉപദേശം നല്‍കിയത്. അതേസമയം വിഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ എംഎല്‍എയുടെ ശകാരം കേട്ട ടിപ്പര്‍ ഡ്രൈവര്‍ ഇഖ്ബാല്‍ വിശദീകരണവുമായി രംഗത്തെത്തിയിട്ടുണ്ട്. വാഹനം അമിത വേഗതയില്‍ ആയിരുന്നെന്നും, തെറ്റ് സംഭവിച്ചു പോയതാണ്. സംഭവത്തില്‍ എംഎല്‍എ ഉപദേശിച്ചതാണെന്നും ഇഖ്ബാല്‍ അറിയിച്ചു.
















