മമ്മൂട്ടി ചിത്രമെന്ന നിലയില്‍ പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് എം.പത്മകുമാര്‍ സംവിധാനം ചെയ്യുന്ന മാമാങ്കം. ചിത്രീകരണം തുടങ്ങിയതുമുതല്‍ വാര്‍ത്തകളില്‍ ഇടം നേടിയ ചിത്രം. മാമാങ്കത്തിന്റെ ചരിത്ര പശ്ചാത്തലത്തില്‍ ഒരുങ്ങുന്നു എന്നതുകൊണ്ടുതന്നെ ചരിത്രത്തോട് നീതിപുലര്‍ത്താന്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറാവാത്ത ഒരാളുണ്ട്. ചിത്രത്തിന്റെ നിര്‍മ്മാതാവും പ്രവാസി വ്യവസായിയുമായ വേണു കുന്നപ്പിള്ളി.
ഒരുപാട് സവിശേഷതകളുണ്ട് മാമാങ്കത്തിന്. ഏറ്റവും കുടുതല്‍ മുതല്‍ മുടക്കില്‍ നിര്‍മിക്കുന്ന മലയാള ചിത്രം, ചരിത്രത്തെ പുനഃസൃഷ്ടിക്കുന്നതിനായി തീര്‍ത്ത പടുകൂറ്റന്‍ സെറ്റുകള്‍, രാജ്യത്തെ മികച്ച സിനിമ സാങ്കേതിക വിദഗ്ധര്‍ ഒന്നിക്കുന്ന ചിത്രം… ഇതൊക്കെ മാമാങ്കത്തെ വേറിട്ടുനിര്‍ത്തുന്നു. ഈ ചിത്രത്തിന്റെ നിര്‍മാതാവിന്റെ റോളിലേക്ക് അവിചാരിതമായി എത്തിയ വേണു കുന്നപ്പിള്ളിക്ക് സിനിമയെക്കുറിച്ചും, അതിന്റെ ഗുണനിലവാരത്തെക്കുറിച്ചും വ്യക്തമായ ധാരണയുണ്ടായിരുന്നു. അതുകൊണ്ടുതന്നെ സിനിമ ചിത്രീകരണത്തിന്റെ തുടക്കം മുതല്‍ ഒടുക്കം വരെയുള്ള എല്ലാ ഘട്ടത്തിലും ക്രിയാത്മകമായി അദ്ദേഹം ഇടപെട്ടു.
പീരിയോഡിക് സിനിമകള്‍ ചെയ്ത് പരിചയസമ്പന്നരായ സാങ്കേതിക വിദഗ്ധരെ ഉള്ക്കൊള്ളിക്കുന്നതുമുതല് മറ്റു ഭാഷകളിലേക്ക് മൊഴിമാറ്റം നടത്തുമ്പോള്‍ ആ ഭാഷയിലെ മികച്ച സംവിധായകരുടെ മേല്‍നോട്ടം കൊണ്ടുവരുന്നതില്‍ വരെ വേണു കുന്നപ്പിള്ളി ശ്രദ്ധ പുലര്‍ത്തി. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലാണ് മാമാങ്കം ഇറങ്ങുന്നത്. 18-ാം നൂറ്റാണ്ടിന്റെ കഥ പറയുന്ന ചിത്രം എല്ലായിടത്തും സ്വീകരിക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്ന് വേണു കുന്നപ്പിള്ളി പറയുന്നു.
16, 17 നൂറ്റാണ്ടുകളിലായി മലപ്പുറം തിരുനാവായ മണപ്പുറത്ത് 12 വര്‍ഷം കൂടുമ്പോള്‍ നടത്താറുള്ള മാമാങ്ക മഹോത്സവത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. ചാവേറുകളാവേണ്ടി വരുന്ന വള്ളുവനാടന്‍ സേനാനികളുടെ പോരാട്ടവീര്യവും അവര്‍ക്ക് ഉറ്റവരുമായുള്ള വൈകാരിക ബന്ധവുമാണ് ഇതിവൃത്തം. മാമാങ്കം ഒരു യുദ്ധസിനിമ മാത്രമല്ലെന്നാണ് നിര്‍മാതാവെന്ന നിലയില്‍ വേണു കുന്നപ്പിള്ളിയുടെ അഭിപ്രായം. യുദ്ധം അനിവാര്യമാണെന്ന് മാത്രം.
ഒരു പീരിയോഡിക് ചിത്രമായതിനാല്‍, ആ കാലഘട്ടത്തെ പുനരാവിഷ്കരിക്കുക എന്നത് ഏറെ ശ്രമകരമായിരുന്നുവെന്ന് വേണു പറയുന്നു. വസ്ത്രധാരണ രീതി മുതല്‍ എല്ലാ കാര്യങ്ങളും മനസ്സിലാക്കുന്നതിന് ഗവേഷണംതന്നെ നടത്തേണ്ടി വന്നു.
മലയളത്തില്‍ ഇതുവരെ ആരും കാണാത്ത, വിസ്മയിപ്പിക്കുന്ന സെറ്റാണ് മാമാങ്കത്തിന്റെ പ്രധാന ഹൈലൈറ്റുകളില്‍ ഒന്ന്. 15 കോടിയോളം രൂപ മുതല്‍മുടക്കി എറണാകുളം കുണ്ടന്നൂര്‍, നെട്ടൂര്‍, മരട് എന്നിവിടങ്ങളിലാണ് പടുകൂറ്റന്‍ സെറ്റുകള്‍ ഒരുക്കിയത്. കുണ്ടന്നൂരില്‍ 14,000 സ്ക്വയര്‍ ഫീറ്റിലാണ് നായികയുടെ വീട് ഒരുക്കിയത്. തിരുനാവായ മണപ്പുറത്തെ മാമാങ്ക വേദിയാണ് നെട്ടൂരില്‍ പുനസൃഷ്ടിച്ചത്. 10 കോടി രൂപയാണ് ഇതിനായി ചെലവാക്കിയത്. 350 കടകളുള്ള വ്യാപാര കേന്ദ്രം, അവിടുള്ള സാധന സാമഗ്രികള്‍, മാമാങ്കത്തിലെ പ്രധാന വേദിയായ നിലപാടുതറ, ക്ഷേത്രം, ഭക്ഷണശാല തുടങ്ങി മാമാങ്ക വേദിയില്‍ ഉള്ളതെല്ലാം ഇവിടെ ഒരുക്കി. 500-ലേറെ തൊഴിലാളികള്‍ രണ്ടരമാസത്തോളം അധ്വാനിച്ചാണ് സെറ്റ് തയ്യാറാക്കിയത്.
ഏറെ വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു സിനിമ ചിത്രീകരണം. യുദ്ധ രംഗങ്ങളില്‍ ആയിരത്തോളം പേര് വരെ അഭിനയിച്ചു. 142 ദിവസമെടുത്താണ് ഷൂട്ടിങ് പൂര്‍ത്തിയാക്കിയത്. കണ്ണൂര്‍, അതിരപ്പള്ളി, ഒറ്റപ്പാലം, വാഗമണ്‍, കളമശ്ശേരി തുടങ്ങിയവയായിരുന്നു മറ്റു ലൊക്കേഷനുകള്‍.
രണ്ട് കാലഘട്ടങ്ങളിലായി, മൂന്ന് ഗെറ്റപ്പുകളിലാണ് മമ്മൂട്ടി അഭിനയിക്കുന്നത്. ചാവേര്‍ തലവന്റെ വേഷത്തില്‍ മമ്മൂട്ടി പ്രത്യക്ഷപ്പെടുന്ന ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇതിനകം ഹിറ്റായി. ഉണ്ണി മുകുന്ദന്, പ്രാചി തെല്ഹാന്, കനിഹ, അനു സിത്താര, സിദ്ദീഖ്, നീരജ് മാധവ് തുടങ്ങി മലയാളത്തിലെ പ്രമുഖരായ അമ്പതോളം താരങ്ങള്‍ അണിനിരക്കുന്നു. മാമാങ്കത്തിന്റെ സവിശേഷതയെന്ന് പറയാവുന്ന ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത് ദംഗല്‍, കൃഷ് 3 തുടങ്ങിയ ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ച ശ്യാം കൗശലാണ്. പശ്ചാത്തല സംഗീതം സഞ്ജിത് ബല്‍ഹാര. ശങ്കര്‍ രാമകൃഷ്ണന്റേതാണ് തിരക്കഥ. ഗാനങ്ങള്‍ ഒരുക്കിയത് എം.ജയചന്ദന്‍. യേശുദാസ്, വിദ്യാധരന് മാസ്റ്റര്‍ ബോംബെ ജയശ്രീ, ശ്രേയ ഘോഷാല്‍ എന്നിവരാണ് ഗായകര്‍. കാവ്യ ഫിലിം കമ്പനിയുടെ ബാനറിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്.
വേള്‍ഡ് വൈഡ് റിലീസിന് അനുമതി കിട്ടിയ മാമങ്കം രണ്ടായിരത്തില്‍ അധികം സ്ക്രീനുകളിലാണ് റിലീസ് ചെയ്യാന്‍ ഉദ്ദേശിക്കുന്നതെന്ന് വേണു കുന്നപ്പിള്ളി പറയുന്നു. വിഎഫ്എക്സ് ജോലികള്‍ അവസാന ഘട്ടത്തിലാണ്. ഒക്ടോബര്‍ 31 ചിത്രം പ്രദര്‍ശനത്തിനെത്തിക്കാനാണ് ഉദ്ദേശിക്കുന്നത്. അതല്ല എങ്കില്‍ നവംബര്‍ ആദ്യവാരം ചിത്രം തിയേറ്ററുകളിലെത്തും.
എറണാകുളം വൈപ്പിന്‍ അയ്യമ്പിള്ളി സ്വദേശിയാണ് വേണു കുന്നപ്പള്ളി. കഴിഞ്ഞ 30 വര്‍ഷമായി ദുബായില്‍ താമസം. പ്രവാസി വ്യവസായിയായ ഇദ്ദേഹം ദുബായിക്കു പുറമെ യുകെ, ദക്ഷിണാഫ്രിക്ക, ലണ്ടണ്‍ എന്നീ രാജ്യങ്ങളിലേക്കും വ്യവസായ ശ്യംഖല വ്യാപിപ്പിച്ചിരിക്കുന്നു. എഴുത്തിന്റെ മേഖലയിലും മികവ് തെളിയിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ തിരക്കഥയെക്കുറിച്ചും നല്ല ധാരണയുണ്ടായിരുന്നു. സംതിങ് എല്‍സ് എന്ന പേരില്‍ ഒരു ഹോളിവുഡ് ചിത്രവും നിര്‍മിച്ചു. 2020 ഫെബ്രുവരിയില്‍ ഹൊറര്‍ വിഭാഗത്തില്‍പ്പെടുന്ന ഈ ചിത്രം പ്രദര്‍ശനത്തിനെത്തും.
പ്രിയയാണ് വേണുവിന്റെ ഭാര്യ. കാവ്യ, കാശി എന്നിവരാണ് മക്കള്‍. തുടര്‍ന്നും മലയാളത്തില്‍ നിര്‍മാതാവായി തുടരുന്നത് മാമാങ്കത്തിന്റെ പ്രേക്ഷക പ്രീതി അനുസരിച്ചായിരിക്കും എന്നും അദ്ദേഹം പറയുന്നു. പല വെല്ലുവിളികള്‍ക്കിടയില്‍ നിന്ന് വന്‍ ബജറ്റില്‍ ഒരുക്കിയ മാമാങ്കം പ്രേക്ഷകര്‍ സ്വീകരിക്കും എന്നുതന്നെയാണ് വേണു കുന്നപ്പിള്ളിയുടെ പ്രതീക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: