കൊച്ചി: അജ്മാനിലെ വണ്ടിചെക്ക് കേസില്‍ കുറ്റവിമുക്തനായ ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി കേരളത്തില്‍ തിരിച്ചെത്തി. വിമാനത്താവളത്തില്‍ വന്‍ ആഘോഷത്തോടെയാണ് തുഷാറിനെ പ്രവര്‍ത്തകര്‍ സ്വീകരിച്ചത്.
തുഷാര്‍ വെള്ളാപ്പള്ളി തിരിച്ചെത്തുന്നതറിഞ്ഞ് ബിജെപിയുടെയും ബിഡിജെഎസിന്റേയും മുതിര്‍ന്ന നേതാക്കള്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു. പ്രവര്‍ത്തകരുടെ തിക്കും തിരക്കും നിയന്ത്രിക്കാന്‍ പോലീസ് പാടുപെട്ടു.
കൊടുങ്ങല്ലൂര്‍ സ്വദേശി നാസില്‍ അബ്ദുള്ളയുടെ പരാതിയില്‍ അജ്മാന്‍ കോടതിയില്‍ നിലവിലുണ്ടായിരുന്ന ചെക്ക് കേസ് കോടതി തള്ളിയതോടെയാണ് തുഷാര്‍ കേരളത്തില്‍ മടങ്ങിയെത്തിയത്. കേസില്‍ കുറ്റവിമുക്തനായതോടെ നീതിയുടെ വിജയമെന്നും തുഷാര്‍ വെള്ളാപ്പള്ളി പ്രതികരിച്ചിരുന്നു.
















