കൊച്ചി : മരടിലെ ഫ്‌ളാറ്റുകളില്‍ നിന്ന് ഒഴിയാന്‍ നഗരസഭ നല്‍കിയ നോട്ടീസിന്റെ കാലാവധി ഇന്ന് അവസാനിക്കും. ഈമാസം 20-തിനകം 4 പാര്‍പ്പിടസമുച്ഛയങ്ങള്‍ പൊളിച്ചുമാറ്റി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന സുപ്രീംകോടതി ഉത്തരവ് നടപ്പാക്കുന്നതിനാണ് കുടുംബങ്ങളെ ഒഴിപ്പിക്കാനുള്ള നടപടി തുടങ്ങിയത്.
343 ഫ്‌ളാറ്റുകളിലായി 1472 പേരെയാണ് പുനരവധിവസിപ്പിക്കേണ്ടത്. എന്നാല്‍ താമസക്കാരെ ആര് ഒഴിപ്പിക്കുമെന്നത് സംബന്ധിച്ച് നഗരസഭയ്‌ക്ക് സര്‍ക്കാറില്‍നിന്ന് യാതൊരു അറയിപ്പും ഇതുവരെ ലഭിച്ചിട്ടില്ല. അതേസമയം ഫ്‌ളാറ്റുകളില്‍ നിന്ന് ആളുകളടെ ഒഴിപ്പിക്കുമ്പോള്‍ എത്ര കുടുംബങ്ങള്‍ക്ക് അടിയന്തിരമായി പുനരധിവാസം വേണ്ടിവരും എന്നത് സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാനും ജില്ലാ ഭരണകൂടം നഗരസഭയോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നഗരസഭ ഉദ്യോഗസ്ഥര്‍ കണക്കെടുപ്പ് നടത്തിയെങ്കിലും ഫ്‌ളാറ്റുടമകള്‍ പലരും സഹകരിച്ചില്ല. പിന്നീട് നഗരസഭാ ഓഫീസിലെ ഫ്‌ളാറ്റുടമകളുടെ വിശദാംശങ്ങള്‍ ശേഖരിച്ചാണ് ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് കൈമാറിയത്.
ഫ്‌ളാറ്റുകള്‍ പൊളിച്ച് മാറ്റാന്‍ അടിയന്തര ടെണ്ടര്‍ നല്‍കണമെന്ന നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ അഞ്ച് കമ്പനികള്‍ നഗരസഭയെ സമീപിച്ചിട്ടുണ്ട്. ഈ കമ്പനികളില്‍ ഒന്നിനെ പെട്ടന്ന് തെരഞ്ഞെടുക്കുക പ്രയാസം ആയതിനാല്‍ ഐഐടിപോലുള്ള വിദഗ്ധരെ ഉപയോഗിച്ച് കമ്പനിയുടെ യോഗ്യത പരിശോധിക്കമെന്ന് നഗരസഭയും സര്‍ക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
എന്നാല്‍ നോട്ടീസ് കാലാവധി കഴിഞ്ഞാലും ഫ്‌ളാറ്റുകള്‍ ഒഴിഞ്ഞ് പോകില്ലെന്ന നിലപാടിലാണ് ഉടമകള്‍. ഈ സാഹചര്യത്തില്‍ തുടര്‍നടപടി എങ്ങനെ വേണം എന്നത് തീരുമാനിക്കേണ്ടത് സര്‍ക്കാര്‍ ആണ്. സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചാല്‍ മാത്രമാണ് തുടര്‍നടപടിയെന്നാണ് നഗരസഭ അറിയിച്ചിരിക്കുന്നത്.
















