കര്‍മാനുസ്മൃതി ശബ്ദ വിധ്യധികരണം
ഇതില്‍ ഒരു സൂത്രം മാത്രമേയുള്ളൂ.
സൂത്രം സ ഏവ തു കര്‍മ്മാനു സ്മൃതി ശബ്ദ വിധിഭ്യഃ
ഉറങ്ങിയ ആള് തന്നെയാണ് ഉണര്‍ന്നു വരുന്നത്. എന്തുകൊണ്ടെന്നാല്‍ കര്‍മ്മം, ഓര്‍മ്മ, ശ്രുതിവാക്യം, വേദ വിധി എന്നിവ കൊണ്ട് അത് വ്യക്തമാകും.
ഒരേ ജീവാത്മാവ് തന്നെയാണ് ഉറങ്ങുന്നതും ഉണരുന്നതും എന്ന് ഇതില്‍ നിന്ന് വ്യക്തമാണ്.
ഉറക്കത്തില്‍ ബ്രഹ്മത്തിലേക്ക് ലയിച്ച ജീവന് എങ്ങനെ തിരിച്ചുവരാനാകും? എന്ന പൂര്‍വപക്ഷത്തിന്റെ ചോദ്യത്തിനുള്ള ഉത്തരമാണ് ഈ സൂത്രം.
ഉറങ്ങിയ അതേ ജീവനോ ശരീരത്തിലെ മറ്റൊരു ജീവനാണോ ഉണര്‍ന്നു വരുന്നത് എന്ന സംശയമാണ് ഇവിടെ.
ഒരു തുള്ളി വെള്ളമോ മറ്റോ ജലാശയത്തില്‍ ലയിച്ചാല്‍ പിന്നെ അതിനെ വേര്‍തിരിച്ചെടുക്കാന്‍ കഴിയില്ല. അതുപോലെ സമഷ്ടിയില്‍ ലയിച്ച ജീവന് എങ്ങനെ മടങ്ങി വരാനാകും. അതിനാല്‍ വേറെ ഒരു ജീവനാണ് വരുന്നതെന്ന് വിചാരിക്കുന്നതല്ലേ നല്ലതെന്നാണ് പൂര്‍വപക്ഷത്തിന്റെ വാദം.
എന്നാല്‍ ഇത് ശരിയല്ല. ഉറങ്ങാന്‍ പോയ ജീവാത്മാവ് തന്നെയാണ് ഉണര്‍ന്നു വരുന്നത്.
സുഷുപ്തിയില്‍ ആത്മാവില്‍ ലയിച്ച ജീവന് തന്നെയാണ് മടങ്ങി വരുന്നത്.
ഉണര്‍ന്നതിനു ശേഷം ചെയ്യുന്ന കര്‍മ്മങ്ങള്‍ ഉറങ്ങുന്നതിന് മുമ്പ് ചെയ്തവയുടെ തുടര്‍ച്ചയാണ്.
ഉറങ്ങുന്നതിന് മുമ്പ് പൂര്‍ത്തിയാക്കാത്ത കര്‍മ്മങ്ങളെ ഉണര്‍ന്നു കഴിഞ്ഞാല്‍ ചെയ്യുന്നു. ഇത് സാധാരണ കണ്ടു വരുന്നതാണ്.
താന്‍ ആരാണെന്നുള്ള അഭിമാനത്തിനും മാറ്റമുണ്ടാകില്ല.
മറ്റൊരു ജീവനാണെങ്കില്‍ ഓര്‍മ്മിച്ച് ചെയ്യാനാകില്ല.
താന്‍ ചെയ്ത കര്‍മ്മങ്ങളേയും തന്റെ അനുഭവങ്ങളേയും ഒരാള്‍ക്ക് ഓര്‍ക്കാന്‍ കഴിയുന്നു. ഇന്നലെ രാത്രി ഉറങ്ങാന്‍ കിടന്ന ഞാന്‍ തന്നെയാണ് ഇന്ന് ഉണരുന്നതെന്ന ആത്മസ്മൃതിയും അയാള്‍ക്ക് ഉണ്ടാകും.
എന്തെല്ലാം ഓര്‍മ്മകള്‍ മുമ്പ് ഉണ്ടായിരുന്നുവോ അതെല്ലാം അതുപോലെ തന്നെ ഉണര്‍ന്നാലും ഉണ്ടാകുന്നു.
ഉറങ്ങാന്‍ പോയ പണ്ഡിതന് അതേ മട്ടില്‍ തന്നേയാണ് ഉണരുന്നത്. അല്ലാതെ ഒരു ഉറക്കം കഴിഞ്ഞാല്‍ പാമരനാകുന്നില്ല.
ശ്രുതിയിലും ഇക്കാര്യം വ്യക്തമായി പറയുന്നു.
ബൃഹദാരണ്യകത്തില്‍
‘ പുന:പ്രതിന്യായം പ്രതിയോന്യാദ്രവതി ബുദ്ധാന്തായൈവ ‘ പിന്നെ ഉണരുമ്പോള്‍ പോയ രീതിയില്‍ തന്നെ ഇന്ദ്രിയങ്ങള്‍ കാര്യങ്ങളെ ചെയ്യാനായി വന്നു ചേരുന്നു.
ഛാന്ദോഗ്യത്തില്‍ ‘ സര്വാ പ്രജാഃ അഹരഹര്‍ഗച്ഛന്ത്യ ഏതം ബ്രഹ്മലോകം ന വിന്ദതി’ എല്ലാ പ്രജകളും എല്ലാ ദിവസവും സുഷുപ്തിയില്‍ ഈ ബ്രഹ്മലോകത്തെ പ്രാപിക്കുന്നുവെങ്കിലും അവര്‍ അത് അറിയുന്നില്ല. ഇങ്ങനെ പല ശ്രുതി വാക്യങ്ങളും ഉറങ്ങിയയാള്‍ തന്നെയാണ് പിന്നെ ഉണരുന്നത് എന്ന് വ്യക്തമാക്കുന്നു.
ഉറങ്ങിയ ആളല്ല ഉണര്‍ന്ന് വരുന്നത് എങ്കില്‍ ഉപാസനാ വിധികളും വെറുതെയാകും. മരണം മോക്ഷമാണെന്ന് വന്നാല്‍ പിന്നെ ഉപാസനാ വിധികള്‍ പ്രസക്തിയില്ലാതാകും.
ജലാശയത്തില്‍ വീഴുന്ന വെള്ളതുള്ളിയെ പിന്നെ വേര്‍തിരിച്ച് എടുക്കാന്‍ കഴിയില്ല എന്ന് പറഞ്ഞത് മുക്ത പുരുഷന്മാരെപ്പറ്റി ശരിയാണ്. അവര്‍ ആഴിയില്‍ വീണ ആലിപ്പഴം പോലെ ഒന്നായിത്തീരുന്നു.
അജ്ഞാന ആവരണം നീങ്ങാതെ മുക്തരാവാന്‍ കഴിയില്ല.
അജ്ഞാനം മൂലം സാധാരണക്കാര്‍ അവരുടെ വ്യക്തിത്വം നിലനിര്‍ത്തിയാണ് ഉറങ്ങുന്നത്. അങ്ങനെ തന്നെ ഉണരുകയും ചെയ്യുന്നു. ബ്രഹ്മത്തില്‍ പൂര്‍ണമായി ലയിക്കാനാവില്ല. ലയിച്ച പ്രതീതിയെ ഉണ്ടാകുന്നുള്ളൂ. ഉപാധികളില്‍ നിന്ന് പൂര്‍ണമായി മുക്തമാവാത്തതാണ് കാരണം.
ഉപാധി ഭേദം കൊണ്ടാണ് ജീവനെന്നും ഈശ്വരനെന്നുമൊക്കെ പരമാത്മാവിനെ വ്യവഹരിക്കുന്നത്.
9495746977
പ്രതികരിക്കാൻ ഇവിടെ എഴുതുക: