കളമശേരി: ഓണത്തിനു മുന്നോടിയായി വിപണി മാന്ദ്യത്തിന്റെ മറവില്‍ അഞ്ചു ദിവസത്തോളം അടച്ചിട്ടിരുന്ന അപ്പോളോ ടയേഴ്സ് ഇന്ന് അര്‍ധ രാത്രിയോടെ വീണ്ടും പ്രവര്‍ത്തനം ആരംഭിക്കും. വാഹന വിപണിയിലെ മാന്ദ്യം അപ്പോളോയുടെ ടയര്‍ വിപണി കഷ്ടത്തിലാക്കിയെന്നു കാണിച്ചായിരുന്നു കമ്പനി അഞ്ചു ദിവസത്തേക്ക് പ്രവര്‍ത്തനം നിര്‍ത്തി വച്ചത്. എന്നാല്‍ കമ്പനിയുടെ നടപടി കരാര്‍ തൊഴിലാളികള്‍ക്ക് ബോണസ് അനുവദിക്കാതിരിക്കാനുള്ള തന്ത്രമാണെന്ന് ഒരുവിഭാഗം തൊഴിലാളി യൂണിയനുകള്‍ ആരോപിക്കുന്നു.
പ്രതിദിനം 110 ടണ്‍ ടയര്‍ ഉല്‍പാദിപ്പിച്ചിരുന്ന അപ്പോളോ ടയേഴ്‌സ് കുറച്ചു മാസങ്ങളായി 70 ടണ്ണിലേക്ക് കുറച്ചിരിക്കുകയാണ്. പ്രമുഖ കമ്പനികള്‍ ടയര്‍ എടുക്കുന്നത് കുറച്ചതു കാരണം കളമശേരി യൂണിറ്റില്‍ മാത്രം അന്‍പത്തി അയ്യായിരം ടയറുകള്‍ കെട്ടിക്കിടക്കുകയാണെന്നുമാണ് കമ്പനി പറയുന്നത്. അതുകൊണ്ട് ചെലവ് വെട്ടിക്കുറയ്‌ക്കാനാണ് അടുപ്പിച്ച് അഞ്ചുദിവസം പ്രവര്‍ത്തനം നിര്‍ത്തിവച്ചതെന്നാണ് വിശദീകരണം. എന്നാല്‍ കമ്പനി പ്രതിസന്ധിയിലാണെന്ന് വരുത്തിതീര്‍ത്ത് ബോണസ് തരാതിരിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് കരാര്‍ തൊഴിലാളികളുടെ സംഘടനകള്‍ പറയുന്നു. ഇത് സംബന്ധിച്ച തൊഴില്‍വകുപ്പിന് നല്‍കിയ പരാതിയില്‍ വരുന്ന വ്യാഴാഴ്ച ജില്ലാ ലേബര്‍ ഓഫിസറുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടക്കാനിരിക്കുകയാണ്.
















