തിരുവനന്തപുരം: തെരുവിലിറങ്ങിയ ബംഗാളിലെ എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കൊല്‍ക്കത്തയില്‍ നടത്തിയ മാര്‍ച്ചിനെതിരേ പോലീസ് നടത്തിയ ലാത്തിപ്രയോഗത്തില്‍ പ്രതിഷേധിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയുടെ ഫേയ്‌സ്ബുക്ക് പോസ്റ്റില്‍ മലയാളികളുടെ ട്രോള്‍ പൊങ്കാല. ലാത്തിച്ചാര്‍ജില്‍ പരുക്കേറ്റവരെന്നു കാട്ടി ബിനീഷ് ഗൂഗിളില്‍ നിന്നു തപ്പിയെടുത്ത ഒരു ഫോട്ടോ 2005ല്‍ ലെബനനില്‍ ഷിയ ആചാരാനുഷ്ഠാനത്തിന്റെ ഭാഗമായി ഒരു പെണ്‍കുട്ടി മൂര്‍ച്ഛയേറിയ ആയുധം ഉപയോഗിച്ച് തലയില്‍ സ്വയം മുറിവേല്‍പ്പിച്ചു നില്‍ക്കുന്ന ചിത്രമായിരുന്നു. പോസ്റ്റിട്ടതും സംഭവം കണ്ടു മനസിലാക്കിയവര്‍ കളിയാക്കലുമായി കമന്റുകള്‍ ഇടാന്‍ തുടങ്ങി. ചിത്രത്തില്‍ അറബിയില്‍ എഴുതിയിരുന്ന ബോര്‍ഡും കാണാമായിരുന്നു. ചിത്രങ്ങള്‍ക്കൊപ്പം ബിനീഷ് കോടിയേരി കുറിച്ചത് ഇങ്ങനെയായിരുന്നു:
ഓരോ തുള്ളി ചോരയില്‍ നിന്നും ഒരായിരം പേര്‍ ഉയരട്ടെ…ഇനിയുമുറക്കെ…. ഇതിലുമുറക്കെ…ഇങ്ക്വിലാബ് മുഴങ്ങട്ടെ..ഇങ്ക്വിലാബിന്‍ മാറ്റൊലി കേട്ട് അധികാരികളവര്‍ ഞെട്ടട്ടെ…!പൊരുതുന്ന ബംഗാളിനൊപ്പം. ബംഗാള്‍ സഖാക്കള്‍ക്കൊപ്പം. ഇതോടെ ബനീഷിന്റെ പോസ്റ്റിനു താഴെ ട്രോള്‍ പെരുമഴയായി. അമളി മനസിലാക്കിയ ബിനീഷ് ആ ഫോട്ടോ നീക്കം ചെയ്‌തെങ്കിലും ഇതിനകം സ്‌ക്രീന്‍ഷോട്ടുകളായി സോഷ്യല്‍മീഡിയയില്‍ ബിനീഷിന്റെ പോസ്റ്റ് വൈറലായി.
ബനീഷിന്റെ ഫോട്ടോ ഉടന്‍ ഡിഎന്‍എ ടെസ്റ്റിന് അയക്കണമെന്നായിരുന്നു പലരുടേയും പ്രതികരണം. ആ മുക്കിയ ഫോട്ടോക്ക് പകരം ബഹ്റൈനില്‍ ഷിയാക്കള്‍ മുഹറത്തിന് നടത്തിയ പരിപാടിയുടെ ഫോട്ടോ തരട്ടെ ചേട്ടാ എന്ന് മറ്റു ചിലര്‍. ബംഗാളില്‍ സഖാക്കള്‍ അടിവാങ്ങിയതിനു ഇജ്ജെന്തിനാ ദാസാ പാകിസ്താനിലെ പെണ്ണുങ്ങളുടെ ഫോട്ടോ ഇട്ടു സഹതാപം വാങ്ങുന്നത്? എന്നതടക്കം ട്രോളുകളാല്‍ നിറയുകയാണ് ബിനീഷിന്റെ ഫെയ്‌സ്ബുക്ക് പേജ്. എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ അടക്കം 12 ഇടതുപക്ഷ യുവജന-വിദ്യാര്‍ത്ഥിസംഘടനകളാണ് കഴിഞ്ഞ ദിവസം കൊല്‍ക്കത്തയിലെ തെരുവില്‍ പ്രകടനം നടത്തിയത്. ഇവര്‍ക്കു നേരേ ലാത്തിച്ചാര്‍ജ് നടന്നിരുന്നു. ഇതിന്റെ ചിത്രങ്ങള്‍ തിരിയുന്നതിനിടെയാണു ഷിയ പെണ്‍കുട്ടിയുടെ ചിത്രം ബിനീഷിനു ലഭിച്ചത്. അറബിയിലെ ബോര്‍ഡും വിദേശീയരെന്നു തോന്നുന്ന പലരും ആ ചിത്രത്തില്‍ ഉണ്ടായിട്ടും കാര്യം മനസിലാക്കാതെ ചോര മാത്രം കണ്ടു ചിത്രം പോസ്റ്റുകയായിരുന്നു ബിനീഷ്.
















