റിയാദ്: സൗദി അറേബ്യയിലെ പ്രധാന എണ്ണക്കമ്പനിയായ അരാംകോയുടെ ദമാമിലെ സംസ്‌കരണ കേന്ദ്രത്തിനു നേരെ ഡ്രോണ്‍ ആക്രമണം. ശനിയാഴ്ച പുലര്‍ച്ചെയാണ് ആക്രമണമുണ്ടായത്. ദമാമിലെ അരാംകോയുടെ പ്ലാന്റ് ലോകത്തിലെ തന്നെ ഏറ്റവും വലിയ എണ്ണ സംസ്‌കരണ ശാലകളിലൊന്നാണ്. ആക്രമണത്തെതുടര്‍ന്ന് ഇവിടെ വന്‍ സ്ഫോടനവും തീപിടിത്തവുമുണ്ടായി. എന്നാല്‍, ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
ഇവിടെ നിന്നുള്ള വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സംഭവത്തില്‍ ആര്‍ക്കെങ്കിലും പരിക്കേറ്റിട്ടുണ്ടോയെന്ന് വ്യക്തമല്ല. പുറത്തുവന്ന വീഡിയോകളില്‍ വെടിയൊച്ച കേള്‍ക്കുന്നുണ്ട്. നിലവില്‍ തീ നിയന്ത്രണവിധേയമാണെന്നാണ് റിപ്പോര്‍ട്ട്. നാശനഷ്ടം സംബന്ധിച്ചുള്ള വിവരങ്ങളും പുറത്ത് വന്നിട്ടില്ല. സര്‍ക്കാര്‍ വൃത്തങ്ങളും അരാംകോയും ഔദ്യോഗികമായി ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല.
സൗദിയുടെ എണ്ണപ്പാടങ്ങളില്‍ നിന്ന് ശേഖരിക്കുന്ന എണ്ണ പ്രധാനമായും ആരംകോയുടെ ഈ കേന്ദ്രത്തിലെത്തിച്ചാണ് ശുദ്ധീകരിക്കുക. ശേഷം പേര്‍ഷ്യന്‍ കടലിലൂടെയും ചെങ്കടലിലൂടെയും കയറ്റി അയക്കുകയാണ് പതിവ്. ഒരു ദിവസം 70 ലക്ഷം ബാരല്‍ എണ്ണയാണ് ഇവിടെ ശുദ്ധീകരിക്കപ്പെടുന്നത്. 2006 ഫെബ്രുവരിയില്‍ ഈ കേന്ദ്രത്തിന് നേരെ അല്‍ ക്വയ്ദയുടെ ആക്രമണ ശ്രമം നടന്നിരുന്നു. എന്നാല്‍ ആക്രമണം അന്ന് സൈന്യം തകര്‍ത്തു. ശക്തമായ സുരക്ഷയുള്ള ഈ കേന്ദ്രത്തില്‍ സ്‌ഫോടനമുണ്ടായത് ലോകരാഷ്‌ട്രങ്ങളെ ആശങ്കപ്പെടുത്തുന്നു.
















