ന്യൂദല്‍ഹി : പഞ്ചാബ് നാഷണല്‍ ബാങ്കിലെ വായ്‌പാ തട്ടിപ്പുമായി ബന്ധപ്പെട്ട് വജ്രവ്യാപാരി നീരവ് മോദിയുടെ സഹോദരന്‍ നേഹല്‍ മോദിക്ക് ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചു. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും 13,600 കോടി രൂപയുടെ വായ്‌പ്പാ തട്ടിപ്പുമായി ബന്ധപ്പെട്ടാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.
വായ്‌പ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട് തെളിവുകള്‍ നശിപ്പിക്കാന്‍ നീരവ് മോദിയെ നേഹല്‍ സഹായിച്ചതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തിയിരുന്നു. കള്ളപ്പണം വെളുപ്പിച്ചെന്നതാണ് നേഹലിനെതിരായ കുറ്റം. 40 കാരനായ നേഹല്‍ ബെല്‍ജിയം പൗരനാണ്. ഇയാള്‍ ഇപ്പോള്‍ യുഎസിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. നേഹല്‍ മോദിക്കെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കണമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഇന്റര്‍പോളിന്റെ ഈ നടപടി.
കൂടാതെ ദുബായിലും ഹോങ് കോങ്ങിലുമുള്ള ഡമ്മി ഡയറക്ടര്‍മാരുടെ മൊബൈല്‍ ഫോണുകള്‍ നശിപ്പിച്ചതും ഇവര്‍ക്ക് കെയ്‌റോയിലേക്ക് ടിക്കറ്റ് തരപ്പെടുത്തി നല്‍കിയതും നേഹല്‍ മോദിയാണെന്ന് എന്‌ഫോഴ്‌സ്‌മെന്റ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
കുറ്റകൃത്യങ്ങള്‍, കുറ്റവാളികള്‍, രാജ്യത്തിനെതിരായ ഭീഷണികള്‍ തുടങ്ങിയവയെക്കുറിച്ചറിയാന്‍ ഇന്റര്‍പോള്‍ പുറപ്പെടുവിക്കുന്ന നോട്ടീസുകളില്‍ പ്രധാനപ്പെട്ടതാണ് റെഡ് കോര്‍ണര്‍ നോട്ടീസ്. ലോകത്തെവിടെ വെച്ചും കുറ്റവാളിയെ കണ്ടെത്താനും അറസ്റ്റ് ചെയ്യാനും അനുവാദമുള്ള ഉന്നത നോട്ടീസാണിത്.
















