ഇസ്ലാമാബാദ്: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ ഹാഫിസ് സയീദിന്റെ ഭീകരസംഘടനയായ ജമാഅത്ത് ഉദ് ദവയില്‍ പാക്കിസ്ഥാന്‍ സര്‍ക്കാര്‍ കോടികള്‍ മുടക്കിയതായി പാക്ക് മന്ത്രി. ഒരു സ്വകാര്യ ചാനലിലെ ടോക് ഷോയിലായിരുന്നു ആഭ്യന്തര മന്ത്രി ഇജാസ് അഹമ്മദ് ഷായുടെ ഏറ്റുപറച്ചില്‍. ഭീകരസംഘടനയിലെ അംഗങ്ങളെ സംഘടനയില്‍ തുടരുന്നതില്‍ നിന്നു നിരുത്സാഹപ്പെടുത്തുന്നതിനായാണ് സര്‍ക്കാര്‍ കോടികള്‍ ചെലവഴിച്ചതെന്നാണു മന്ത്രിയുടെ വാദം.
ഭീകരര്‍ക്കുള്ള സാമ്പത്തിക സഹായം തടയുന്നതില്‍ പാക്കിസ്ഥാന്‍ പരാജയപ്പെട്ടുവെന്ന് ഏതാനും മാസങ്ങള്‍ക്കുമുന്‍പാണ് രാജ്യാന്തര സമിതിയായ എഫ്എടിഎഫ് പാക്കിസ്ഥാനം താക്കീതു ചെയ്തത്. എന്നാല്‍ ഇത് ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്സിന്റെ (എഫ്എടിഎഫ്) ഒക്ടോബറിലെ യോഗത്തിനു മുന്നോടിയായുള്ള പാക്കിസ്ഥാന്റെ മുഖം രക്ഷിക്കല്‍ പരുപാടിയാണ് നടപടിയുടെ മന്ത്രിയുടെ പ്രസ്താവനയെന്നു ആക്ഷേപം ഉയരുന്നുണ്ട്. മസൂദ് അസ്ഹര്‍, ഹാഫിസ് സയീദ് തുടങ്ങിയ കൊടുംഭീകരരുടെ സ്വത്തുക്കള്‍ മരവിപ്പിക്കാനും ഭീകര സംഘടനകളുടെ സാമ്പത്തിക സ്രോതസ്സുകളുമായി ഭീകരര്‍ക്കുള്ള ബന്ധം മുറിച്ചു കളയാനും പാക്കിസ്ഥാന്‍ ഒന്നും ചെയ്തിട്ടില്ലെന്ന് എഫ്എടിഎഫ് കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു. പാക്കിസ്ഥാനെ’ഗ്രേ’ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയ എഫ്എടിഎഫ് ഒക്ടോബറിനകം നടപടികളെടുത്തില്ലെങ്കില്‍ രാജ്യത്തെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്നും മുന്നറിയിപ്പ് നല്‍കി.
സുസ്ഥിരമായ ആഗോള സമ്പദ് വ്യവസ്ഥ ഉറപ്പാക്കാനും ഭീകരതയ്‌ക്കെതിരായ സാമ്പത്തിക സഹായം തടയല്‍, കള്ളപ്പണം തടയല്‍, ആയുധങ്ങളില്ലാതാക്കല്‍ എന്നിവയ്‌ക്കും വേണ്ടി 1989ലാണ് പാരിസില്‍ എഫ്എടിഎഫ് രൂപീകരിച്ചത്. എഫ്എടിഎഫ് ഉപരോധം ഏര്‍പ്പെടുത്തുകയാണെങ്കില്‍ രാജ്യത്തിന്റെ വ്യാപാര ബന്ധങ്ങളെയും സമ്പദ് വ്യവസ്ഥയെയും രൂക്ഷമായി ബാധിക്കും.
















