അഴിമതിക്കേസ്സില്‍ കോണ്‍ഗ്രസ്സ് ഉന്നതര്‍ പിന്നെയും അറസ്റ്റിലാകുന്നു. മുന്‍പ് കേന്ദ്ര ആഭ്യന്തര, ധനവകുപ്പുകള്‍ കൈകാര്യം ചെയ്തയാളും പഴയൊരു മുഖ്യമന്ത്രിയും ആണ് കുടുങ്ങിയിരിക്കുന്നത്. സ്ഥാനമാനങ്ങള്‍ ഉപയോഗിച്ചുതന്നെയാണ്, മുന്‍ഗാമികളെപ്പോലെ ഇവരും അഴിമതിനടത്തിയത്. അറസ്റ്റ് ഒഴിവാക്കാന്‍ കോണ്‍ഗ്രസ്സ് പഠിച്ച പണികളെല്ലാം പയറ്റി. ഫലിക്കാതെവന്നപ്പോള്‍, കുന്തമുന തങ്ങള്‍ക്കെതിരേയും നീളുമെന്ന പേടിയില്‍ ബിജെപിയെയും, പ്രധാനമന്ത്രി നരേന്ദ്രമോദിയേയും കുറ്റംപറഞ്ഞ് രക്ഷപെടാനൂള്ള ശ്രമത്തിലാണ്. കോണ്‍ഗ്രസ്സ് എന്ന രാഷ്ട്രീയപാര്‍ട്ടിയുടെ മുഖം കൂടുതല്‍ വികൃതമാകാന്‍ ഇരിക്കുന്നതേയുള്ളു.
പണത്തിനോ മറ്റു സ്വകാര്യ നേട്ടങ്ങള്‍ക്കുവേണ്ടി അധികാരത്തേയും, അധികാര സ്ഥാപനത്തേയും ദുര്‍വിനയോഗം ചെയ്യുന്നതാണ് അഴിമതി. അഴിമതി ഉന്നതരുടേതാകുമ്പോള് സാധാരണ ജനങ്ങള്‍ക്ക് രാഷ്ട്രീയ, ഔദ്യോഗിക സംവിധാനങ്ങളില്‍ വിശ്വാസം നഷ്ടപ്പെടും. അതോടെ അരാഷ്ട്രീയ ബദല്മാര്ഗ്ഗങ്ങളില് ജനങ്ങള്‍ വിശ്വാസമര്‍പ്പിക്കും. അത് ജനാധിപത്യമൂല്യങ്ങളെ തകര്‍ക്കും. ഇതൊന്നും കണക്കിലെടുക്കാതെയാണ് കോണ്‍ഗ്രസ്സ് നേതാക്കള്‍ ഭരണം നടത്തിയത്. ആ ഭരണത്തില്‍ വികസനത്തിനായി ഒരുരൂപ ചിലവഴിക്കുമ്പോള്‍ ഉപഭോക്താവിന് ലഭിച്ചിരുന്നത് എട്ടുപൈസ മാത്രമായിരുന്നു.
അഴിമതി കോണ്‍ഗ്രസ്സ് ഭരണത്തിന്റെ മുഖമുദ്രയായിരുന്നു. ആദ്യത്തെ അഴിമതി കേസ്സുതന്നെ പ്രഥമപ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു മന്ത്രിസഭയ്ക്കെതിരെയായിരുന്നു. 1948ലെ ജീപ്പ് കുംഭകോണം. കാശ്മീരിലെ ആര്‍മി ഓപ്പറേഷനുവേണ്ടി ലണ്ടനുമായി ചേര്‍ന്നുണ്ടാക്കിയ കരാര്‍, മാനദണ്ഡങ്ങള്‍ പാലിക്കാതെയുള്ളതായിരുന്നു. എണ്‍പതുലക്ഷം രൂപയ്ക്ക് 200 ആര്‍മി ജീപ്പുകള്‍ വാങ്ങുവാന്‍ ഉണ്ടാക്കിയ കരാറില്‍ വാങ്ങിയത് 155 ജീപ്പുകള്മാത്രം. 1987ല്‍ കൊല്‍ക്കത്ത മാര്‍വാടി വ്യവസായിയും, സ്റ്റോക്ക് മാര്‍ക്കറ്റ് ഏജന്റുമായ ഹരിദാസ് മുന്ദ്രയ്ക്ക് എല്‍ഐസിയുടെ ഓഹരി മറിച്ചുനല്കപ്പെട്ടതുമായി ഉയര്‍ന്നുവന്ന അഴിമതിയായിരുന്നു മുന്ദ്രകുംഭകോണം. ജസ്റ്റിസ് ഛഗ്ല കമ്മീഷന് ഈ അഴിമതിയില്‍ ഒന്നരക്കോടിരൂപ രാജ്യത്തിന് നഷ്ടം വന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് അന്നത്തെ ധനകാര്യമന്ത്രി ടി.ടി. കൃഷ്ണനാചാരിക്ക് രാജിവയ്ക്കേണ്ടിവന്നു. 1980ല്‍ ഇന്ദിരാഗന്ധിയുടെ ഭരണകാലത്ത് തുടങ്ങിയ നാല്‍പ്പതുകോടിയുടെ അഴിമതിയാണ് പിന്നീട് രാജീവ് ഗാന്ധിയുടെയും കോണ്‍ഗ്രസ്സിന്റെയും പതനത്തിന് കാരണമായ ബൊഫേഴ്സ് കുംഭകോണം. 1992ല്‍ ഓഹരിവിപണിയിലെ കാളക്കൂറ്റന് എന്നു വിശേഷിക്കപ്പെട്ട ഹര്‍ഷദ്മേത്ത ബാങ്കുപണം അനധികൃതമായി സ്റ്റോക്ക് മാര്‍ക്കറ്റിലേക്ക് വഴിതിരിച്ചുവിട്ടതുമൂലം രാജ്യത്തിനുണ്ടായ നഷ്ടം 500 കോടിയുടേതായിരുന്നു. ഇതിലും കോണ്‍ഗ്രസ്സ് നേതാക്കളുടെ പങ്ക് വ്യക്തമായിരുന്നു. 1993ല്‍ പ്രധാനമന്ത്രിയായിരുന്ന നരസിംഹറാവു പാര്‍ലമെന്റില്‍ അവിശ്വാസപ്രമേയത്തെ നേരിടാന്‍ ദശലക്ഷക്കണക്കിന് രൂപ കൈക്കൂലിനല്കി എംപിമാരെ വലവീശി. കൈക്കൂലി കൈപ്പറ്റിയ ശൈലേന്ദ്ര മാഹാതോ എംപി ഈ കേസ്സില്‍ മാപ്പുസാക്ഷിയായി. 2000ല്‍ നരസിംഹറാവൂവും, ബൂട്ടാസിംഗും ഈ കേസ്സില്‍ കുറ്റക്കാരാണെന്ന് പ്രത്യേക കോടതി കണ്ടെത്തിയിരുന്നു.
1996ല്‍ ലോകത്തെതന്നെ പിടിച്ചുകുലുക്കിയ അഴിമതിയായിരുന്നു ടെലികോം കുംഭകോണം. അന്നത്തെ കേന്ദ്ര ടെലികോംമന്ത്രിയും, കോണ്‍ഗ്രസ്സ് നേതാവുമായിരുന്ന സുഖറാമിന്റെ വീട്ടില്‍ തിരച്ചില്‍ നടത്തിയ സിബിഐ കണ്ടെത്തിയത് 3.5 കോടി ഇന്ത്യന്‍ രൂപയും, ഒട്ടേറെ സ്വര്‍ണ്ണാഭരണങ്ങളും ആയിരുന്നു. കിടക്കയ്ക്കുള്ളില്‍പ്പോലും പണം ഒളിപ്പിച്ച നിലയിലായിരുന്നു. 2002ല്‍ ഈ കേസ്സില്‍ സുഖറാമിനു ശിക്ഷ കിട്ടുകയും ചെയ്തു.
2003ല്‍ അബ്ദുള്‍ ഖരീം തേല്‍ഗിയുടെ പേരിലുണ്ടായ മുദ്രപത്ര കുംഭകോണത്തില്‍ സര്‍ക്കാര്‍ ഖജനാവിനുണ്ടായ നഷ്ടം 30000 കോടി രൂപയായി കണക്കാക്കുന്നു. 2005ല്‍ ഫ്രഞ്ച് കമ്പനിയായിരുന്ന തേല്ഡുമായി കേന്ദ്രസര്‍ക്കാര്‍ ഒപ്പിട്ട സബ്മറൈന് കരാറുകളില്‍ 19,000 കോടിയുടെ അഴിമതി നടന്നതായാണ് ആരോപണം ഉയര്‍ന്നുവന്നത്. 2010ല്‍, ജീവന്‍വെടിഞ്ഞ സൈനികരുടെ വിധവകള്‍ക്കായി ആറുനിലകളുള്ള ഫ്ളാറ്റുകള്‍ നിര്‍മ്മിക്കേണ്ട സ്ഥാനത്ത് 31 നിലകളുള്ള ഫ്ളാറ്റുകള്‍ നിര്‍മ്മിച്ച് കോടികണക്കിന് രൂപയുടെ അഴിമതി ഉണ്ടായതിനെ തുടര്‍ന്ന്, അന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രിയും കോണ്‍ഗ്രസ്സ് നേതാവുമായ അശോക് ചവാന് രാജിവയ്ക്കേണ്ടിവന്നു.
കായികരംഗത്ത് ഭാരതത്തിന് വളരെ പ്രശസ്തിലഭിക്കേണ്ട 2011-ലെ കോമണ്‍വെല്‍ത്ത് ഗയിംസ്, അഴിമതിയുടെ കൂത്തരങ്ങാക്കിമാറ്റി കോണ്‍ഗ്രസ്സ് നേതാക്കള്‍. സംഘാടകസമിതി ചെയര്മാന് സുരേഷ് കല്‍മാഡി എംപി, ഡല്‍ഹി മുഖ്യമന്ത്രിയായിരുന്ന ഷീലാദീക്ഷിത്ത് എന്നിവര്‍ക്ക് ഈ പാപക്കറയില്‍നിന്ന് മുക്തരാകാന്‍ കഴിഞ്ഞില്ല. മന്‍മോഹന്‍സിംഗ് പ്രധാനമന്ത്രിയായിരുന്ന കാലഘട്ടത്തിലെ ടു.ജി. സ്പെക്ട്രം, കല്‍ക്കരി കുംഭകോണം തുടങ്ങിയ അഴിമതികള്‍ കുപ്രസിദ്ധമായിരുന്നല്ലോ.
അഴിമതി പരമ്പരകളുടെ മുഷിഞ്ഞ ഭാണ്ഡങ്ങള്‍ ഏറ്റുവാങ്ങിയ കോണ്‍ഗ്രസ്സ് എക്കാലത്തെയുംപോലെതന്നെ അവരുടെ നേതാക്കളെ രക്ഷിക്കാന്‍ പയറ്റുന്ന വിലകുറഞ്ഞ അടവുകള്‍ ചിദംബരത്തിന്റെ കാര്യത്തിലും ശിവകുമാറിന്റെ കാര്യത്തിലും ഉണ്ടാകും. ജാള്യതയില്‍നിന്ന് കരകയറാന്‍ മാത്രമാണ് ബിജെപിക്കെതിരെ ആരോപണവുമായി രംഗത്തുവരുന്നത്. പൊതുജനത്തിന്റെ പണം ധൂര്ത്തടിക്കുന്നവര്ക്കു കഠിനശിക്ഷ കാലംകാത്തുവച്ച വിധിയാണ്. അതു നടന്നേപറ്റൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: