ചെങ്ങന്നൂർ: വള്ളികുന്നം അമൃത ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലേയും ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജിലെയും പ്രാണീഭോജനം വേറിട്ട കാഴ്ചയായി. സ്‌കൂളില്‍ നാഷണല്‍ സര്‍വീസ് സ്‌കീം സംഘടിപ്പിച്ച ഓണാഘോഷങ്ങള്‍ പ്രാണീഭോജനത്തോടെയാണ് തുടക്കമായത്. ഇത് കൊച്ചു കുട്ടികളില്‍ കൗതുകമുണര്‍ത്തി. ഒരുമയുടെ ഓണം എന്ന പേരില്‍ സ്‌കൂളിലെ നൂറ് വോളന്റിയര്‍മാര്‍ ചേര്‍ന്നാണ് പരിപാടി നടത്തിയത്.
പ്രോഗ്രാം ഓഫീസര്‍ എ.ജെ. ബദറുദ്ദീന്റെ നേതൃത്വത്തില്‍ വിഭവങ്ങള്‍ തയാറാക്കി സ്‌കൂളിലെ അധ്യാപകര്‍ക്കും സഹപാഠികള്‍ക്കുമൊപ്പം ഉറുമ്പുകള്‍ക്കും പ്രാണികള്‍ക്കും ഓണസദ്യ വിളമ്പി. പ്രിന്‍സിപ്പാള്‍ കെ.എന്‍. അജിത്ത് കുമാറിന്റെ അധ്യക്ഷതയില്‍ കൂടിയ ഓണകൂട്ടായ്‌മയില്‍ പ്രാണിഭോജനത്തിന്റെ മഹത്വവും ഒരുമയുടെ ആവശ്യകതയും ചൂണ്ടിക്കാട്ടി മണ്ണടി മധു ഓണസന്ദേശം നല്‍കി. അധ്യാപകരായ എം. ബാബുരാജ്, എസ്. പ്രീത, പി.കെ. ഹന്നത്ത് ബീവി, ജെ. ബിന്ദു, ബി. ഷാജി, എല്‍. ശ്രീജ എന്നിവര്‍ സംസാരിച്ചു.
സഹജീവികളോടുള്ള കരുതല്‍ എന്ന സന്ദേശത്തിലാണ് ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജിലെ ഓണാഘോഷം ആരംഭിച്ചത്. കോളേജിലെ സൂവോളജി ഡിപ്പാര്‍ട്മെന്റ്, ഭൂമിത്രസേന ക്ലബ്, ബേര്‍ഡ്‌സ് ക്ലബ്, ജൈവവൈവിധ്യ ക്ലബ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ഓണാഘോഷം വേറിട്ട രീതിയില്‍ ആഘോഷിച്ചത്. കിളികള്‍ക്കും ഉറുമ്പുകള്‍ക്കും ചെറു പ്രാണികള്‍ക്കും ആഹാരം നല്‍കിയ ശേഷമാണ് വിദ്യാര്‍ത്ഥികള്‍ ഓണസദ്യ കഴിച്ചത്. പ്രിന്‍സിപ്പള്‍ ഡോ. ജോണ്‍സണ്‍ ബേബി ഉദ്ഘാടനം ചെയ്തു.
ചടങ്ങിന് സൂവോളജി വിഭാഗം അധ്യാപകന്‍ ഡോ.ആര്‍. അഭിലാഷ് നേതൃത്വം നല്‍കി. അധ്യാപകരായ ഡോ. ആനീസ് ജോസഫ്, ബിജി എബ്രഹാം, ഡോ. വിജയകുമാര്‍ വിദ്യാര്‍ത്ഥികളായ അനന്ദു, അര്‍ച്ചന, അഞ്ജന, ബിന്‍സി, ദീപ്തി, കാവ്യ എന്നിവര്‍ പങ്കെടുത്തു.
















