തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് മാര്‍ത്തോമ സുറിയാനി സഭയുടെ അദ്ധ്യക്ഷന്‍ ഡോക്ടര്‍ ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ. മാനവീയതയുടെ ഐക്യത്തിനായി ഉണ്ടായ നവോത്ഥാന പ്രസ്ഥാനമാണ് ശബരിമല. ആളുകളെ കൊണ്ട് വന്ന് മതില്‍ പണിതാല്‍ നവോത്ഥാനം ഉണ്ടാകില്ലെന്നും അദേഹം പറഞ്ഞു. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ വേദിയിലിരുത്തിയായിരുന്നു ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്തയുടെ രൂക്ഷ വിമര്‍ശനം.
ശബരിമല വിഷയത്തിലെ സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് നേരത്തെ തന്നെവിശ്വാസികള്‍ക്ക് എതിരായിരുന്നു. വിശ്വാസികളെ കൂടെ നിര്‍ത്തുന്നതില്‍ സര്‍ക്കാരിന് വീഴ്‌ച്ച പറ്റി. ജോസഫ് മാര്‍ ബര്‍ണബാസ് തിരുമേനിയുടെ സപ്തതി ആഘോഷത്തില്‍ പങ്കെടുത്ത് കൊണ്ടാണ് ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ സര്‍ക്കാരിനെതിരെ വിമര്‍ശനം ഉയര്‍ത്തിയത്. എന്നാല്‍ ചടങ്ങ് ഉദ്ഘാടനം ചെയ്ത ദേവസ്വം മന്ത്രി ഇതിന് മറുപടി നല്‍കിയില്ല.
വിശ്വാസ സമൂഹത്തെ കൂടെ നിര്‍ത്തുന്നതില്‍ സര്‍ക്കാരിന് വീഴ്‌ച്ച പറ്റിയെന്ന് തെരഞ്ഞെടുപ്പിന് ശേഷമുള്ള വിലയിരുത്തലില്‍ സിപിഎം വിലയിരുത്തിയിരുന്നു. ഇതിന് പുറമെയാണ് സുറിയാനി സഭയുടെ പരമോദ്ധ്യക്ഷന്‍ ഡോ.ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ ശബരിമല വിഷയത്തിലെ സര്‍ക്കാര്‍ നിലപാടിനെ വിമര്‍ശിച്ചത്.
















