തിരുവനന്തപുരം: പ്രളയം വിതച്ച നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ജോയിന്റ് സെക്രട്ടറി ശ്രീപ്രകാശിന്റെ നേതൃത്വത്തില്‍ ഏഴംഗ കേന്ദ്രസംഘം 16ന് കേരളത്തില്‍ എത്തും. നാലു ദിവസം നീണ്ടുനില്‍ക്കുന്ന സന്ദര്‍ശന പരിപാടിയില്‍ സംഘം രണ്ടായി തിരിഞ്ഞാകും വിവിധ ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു സ്ഥിതി വിലയിരുത്തുക.
17നു രാവിലെ കോഴിക്കോട് വിമാനത്താവളത്തിലെത്തുന്ന ശ്രീപ്രകാശിന്റെ നേതൃത്വത്തിലുള്ള സംഘം മലപ്പുറം ജില്ലയിലെ കവളപ്പാറ ഉള്‍പ്പെടെയുള്ള ദുരന്തബാധിത പ്രദേശങ്ങളിലേക്കു പോകും. തുടര്‍ന്ന വൈകിട്ടോടെ വയനാട്ടിലേക്കു പോകും. 18 നു രാവിലെ വയനാട് കലക്ടറുമായി ചര്‍ച്ചക്ക് ശേഷം പുത്തുമല അടക്കമുള്ള ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. ശ്രീപ്രകാശിനെ കൂടാതെ കൃഷി മന്ത്രാലയത്തിലെ ഡയറക്ടര്‍ ഡോ.കെ.മനോഹരന്‍, ധന മന്ത്രാലയത്തിലെ ജോയിന്റ് ഡയറക്ടര്‍ എസ്.സി.മീണ, ഊര്‍ജ മന്ത്രാലയത്തിലെ ഡപ്യൂട്ടി ഡയറക്ടര്‍ ഒ.പി.സുമന്‍ എന്നിവരും ഈ സംഘത്തിലുണ്ട്. 19നു കണ്ണൂര്‍ ജില്ലാ സന്ദര്‍ശത്തിനു ശേഷം ഇവര്‍ തിരുവനന്തപുരത്തിലെക്ക് തിരിക്കും.
ജലവിഭവ മന്ത്രാലയത്തിലെ സീനിയര്‍ എന്‍ജിനീയര്‍ വി.മോഹന്‍ മുരളിയുടെ നേതൃത്വത്തിലുള്ള മറ്റോരു സംഘം 17 ന് ആലപ്പുഴ, കുട്ടനാട് പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് അടുത്ത ദിവസങ്ങളില്‍ എറണാകുളം, തൃശൂര്‍ ജില്ലകളിലെത്തും. 19 ന് തിരുവനന്തപുരത്തെത്തുന്ന ഈ സംഘത്തില്‍ ഗ്രാമവികസന മന്ത്രാലയം ഡയറക്ടര്‍ അനിത ബാഗല്‍, ഉപരിതല ഗതാഗത മന്ത്രാലയം റീജനല്‍ ഓഫിസര്‍ വി.വി.ശാസ്ത്രി എന്നിവരും ഉണ്ട്. ഇരു സംഘങ്ങളും 20ന് തലസ്ഥാനത്ത് മന്ത്രിമാരും ചീഫ് സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തും. തുടര്‍ന്ന് വൈകിട്ടു നാലോടെ മുഖ്യമന്ത്രി പിണറായി വിജയനുമായും ചര്‍ച്ചയുണ്ടാക്കും.
















