തിരുവനന്തപുരം: കേരളത്തിലെ ഗവര്‍ണ്ണറായി ചുമതലയേറ്റ ആരിഫ് മുഹമ്മദ് ഖാന്‍ മലയാളം പഠിക്കാന്‍ തുടങ്ങി. മലയാളം പഠിക്കാനുള്ള ആഗ്രഹം അദ്ദേഹം രാജ്ഭവനിലുള്ള ഉദ്യോഗസ്ഥരുമായി പങ്കുവച്ചു. ഭാഷാപഠനത്തിനു സഹായിക്കുന്ന പുസ്തകങ്ങളെയാണ് ഗവര്‍ണര്‍ ആശ്രയിക്കുക. നേരത്തെ, ആരിഫ് മുഹമ്മദ് ഖാന്‍ മലയാളത്തില്‍ സത്യപ്രതിജ്ഞ ചെയ്താണ് അധികാരമേറ്റത്. സത്യപ്രതിജ്ഞ മലയാളത്തില്‍ ചെയ്യണമെന്നു തീരുമാനിച്ചാണു ആരിഫ് ഖാന്‍ ഡല്‍ഹിയില്‍ നിന്നെത്തിയത്. ഹിന്ദി, ഇംഗ്ലിഷ് അക്ഷരങ്ങളില്‍ മലയാളം സത്യപ്രതിജ്ഞ എഴുതിപ്പഠിച്ചിട്ടാണ് എത്തിയത്. ചില മലയാളം വാക്കുകള്‍ ഹിന്ദിയില്‍ എഴുതുന്നതിനെക്കാള്‍ കൃത്യമായി ഇംഗ്ലിഷില്‍ എഴുതാനാകുമെന്നതിനാലാണു രണ്ടു ഭാഷയിലും പഠിച്ചത്.
നിയമവകുപ്പ് അംഗീകരിച്ച സത്യപ്രതിജ്ഞയാണ് ഔദ്യോഗിക ചടങ്ങില്‍ ഉപയോഗിക്കുകയെന്നതിനാല്‍ ഇവിടെ എത്തിയ ശേഷവും അതു വായിച്ച് ഉറപ്പാക്കി. അപ്പോഴാണു പല മലയാള വാക്കുകളുടെയും സങ്കീര്‍ണത അദ്ദേഹത്തിനു മനസ്സിലായത്. തുടര്‍ന്ന് ഈ ഭാഷ പഠിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഓണത്തിന് ശേഷം ഗവര്‍ണര്‍ മലയാളം പഠിക്കാന്‍ ആരംഭിക്കുമെന്ന് രാജ്ഭവന്‍ വൃത്തങ്ങള്‍ അറിയിച്ചു.
















