വ്‌ളാദിവോസ്‌റ്റോക് : റഷ്യയിലെ പ്രതിനിധി സമ്മേളന വേദിയിലും എളിമ കൈവിടാതെ പ്രധാനമന്ത്രി നരേന്ദ്രമോദി. വിവിധ രാജ്യങ്ങളുടെ ഉന്നത പ്രതിനിധികള്‍ പങ്കെടുത്ത ഫോട്ടോ സെഷനില്‍ മോദിക്ക് മാത്രം പ്രത്യേകമായി ഒരു സോഫ ഒരുക്കിയിരുന്നു. എന്നാല്‍ എല്ലാവരുടേത് പോലെ തന്നെയുള്ള കസേര തന്നെ മതിയെന്ന് മോദി വിനയത്തോടെ ആവശ്യപ്പെടുകയായിരുന്നു.
കേന്ദ്രറെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍ മോദിയുടെ ഈ വിഡിയോ ട്വീറ്റ് ചെയ്തതോടെയാണ് ഇത് പുറത്തറിയുന്നത്. വീഡിയോയില്‍ സോഫയ്‌ക്ക് പകരം കസേര ആവശ്യപ്പെടുന്ന മോദിയെ കാണാം. നിര്‍ദ്ദേശ പ്രകാരം മറ്റ് അംഗങ്ങളുടേത് പോലെ തന്നെയുള്ള കസേര അധികൃതര്‍ നല്‍കുന്നതും വ്യക്തമാണ്.
തനിക്ക് ഒരുക്കിയ പ്രത്യേക സോഫ ഒഴിവാക്കി എല്ലാവര്‍ക്കും ഒപ്പം കസേര തെരഞ്ഞെടുക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാന മന്ത്രിയുടെ ലാളിത്യം കാണാന്‍ സാധിച്ചെന്നുമാണ് പീയുഷ് ഗോയല്‍ ട്വിറ്ററില്‍ കുറിച്ചത്.
വീഡിയോ ട്വീറ്റ് ചെയ്തതോടെ അന്താരാഷ്‌ട്ര തലത്തില്‍ തന്നെ മോദിയെ അനുകൂലിച്ചുകൊണ്ട് നിരവധിപേരാണ് മറുപടി നല്‍കിയത്. മോദിയുടെ വിനയമാണ് ഇതെന്നും സമൂഹ മാധ്യമങ്ങളില്‍ പറയുന്നുണ്ട്. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനുശഷം മോദി വ്യാഴാഴ്ച ഇന്ത്യയില്‍ തിരിച്ചെത്തി.
















