സിംഗപ്പൂര്‍: സിംബാബ്‌വെയുടെ രാഷ്‌ട്ര പിതാവും മുന്‍ പ്രസിഡന്റുമായ റോബര്‍ട്ട് മുഗാബെ (95) അന്തരിച്ചു. നിലവിലെ പ്രസിഡന്റ് എമ്മേഴ്‌സണ്‍ മ്‌നാന്‍ഗാഗ്വ ആണ് മുഗാബെയുടെ മരണ വിവരം ട്വിറ്ററിലൂടെ അറിയിച്ചത്. വെള്ളിയാഴ്ച രാവിലെയായിരുന്നു അന്ത്യം. പ്രായാധിക്യത്തെ തുടര്‍ന്നുള്ള രോഗങ്ങള്‍ മൂലം ഏപ്രില്‍ മാസംമുതല്‍ അദ്ദേഹം സിംഗപുരില്‍ ചികിത്സയിലായിരുന്നു.
അധ്യാപക വൃത്തിയിൽ തുടങ്ങി സ്വാതന്ത്ര്യസമര നായകനായി, പിന്നീട് സ്വേച്ഛാധിപത്യത്തിലേക്ക് നടന്നു കയറിയ ജീവിതമാണ് മുഗാബെയുടേത്. 1921 ഫെബ്രുവരി 24നാണ് മുഗാബെ ജനിച്ചത്. സിംബാവേയുടെ സ്വാതന്ത്ര്യസമര നായകനും ആദ്യ പ്രധാനമന്ത്രിയുമായ മുഗാബെ, 1980ല്‍ സിംബാവേ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു. 1987ല്‍ പ്രസിഡന്റായി. പിന്നീട് 2017വരെ അദ്ദേഹം ആ സ്ഥാനത്ത് തുടര്‍ന്നു. നാല് പതിറ്റാണ്ടോളം നീണ്ടുനിന്ന ഭരണത്തിനൊടുവില്‍ 2017 നവംബറിലാണ് മുഗാബെ അധികാരത്തിൽ നിന്ന് പുറത്താക്കപ്പെട്ടത്.
1990ൽ രാജ്യാന്തര ധാരണയ്‌ക്കുള്ള ജവാഹർലാൽ നെഹ്രു പുരസ്കാരം നേടിയ മുഗാബെ, കാൽ നൂറ്റാണ്ട് പിന്നിട്ടപ്പോൾ അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും ഇരയാവുകയായിരുന്നു. രാജ്യത്തെ കറുത്ത വർഗ്ഗക്കാരുടെ വിദ്യാഭ്യാസം, ആരോഗ്യം എന്നീ കാര്യങ്ങളിലായിരുന്നു മുഗാബെ ആദ്യകാലത്ത് ശ്രദ്ധ നൽകിയിരുന്നത്. എന്നാൽ വെള്ളക്കാരുടെ പക്കൽ നിന്നും ഭൂമി തിരിച്ചുപിടിച്ച് കറുത്തവർഗ്ഗക്കാർക്ക് നൽകാനുള്ള അദ്ദേഹത്തിന്റെ തീരുമാനം വലിയ പ്രതിഷേധങ്ങൾക്ക് കൂടി വഴിവച്ചു.
മുൻപ് റോദേഷ്യ എന്നറിയപ്പെട്ട സ്ഥലത്തായിരുന്നു അദ്ദേഹത്തിന്റെ ജനനം. അന്നത്തെ സർക്കാരിനെ വിമർശിച്ചതിന് 1964 ൽ പത്ത് വർഷത്തോളം ജയിലിലടക്കപ്പെട്ടു. 1973 ൽ തടവിലിരിക്കെ അദ്ദേഹം സിംബാബ്‌വെ ആഫ്രിക്കൻ നാഷണൽ യൂണിയന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
















