കൊച്ചി: പാലാരിവട്ടം പാലം നിര്‍മാണത്തില്‍ അഴിമതി നടത്തിയെന്ന കേസില്‍ അറസ്റ്റിലായ മുന്‍ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടി.ഒ. സൂരജിനെ റിമാന്‍ഡ് ചെയ്തു. സൂരജ് ഉള്‍പ്പെടെ നാല് പേരെയാണ് ഈ മാസം 19 വരെ റിമാന്‍ഡ് ചെയ്തിരിക്കുന്നത്.
അഴിമതി, ഗൂഢാലോചന,ഫണ്ട് ദുര്‍വിനിയോഗം എന്നീ കുറ്റങ്ങളാണ് സൂരജിനെതിരെ ചുമത്തിയിരിക്കുന്നത്. ടി.ഒ സൂരജിന് പുറമെ പാലം നിര്‍മിച്ച കമ്പനി എംഡി സുമിത് ഗോയല്‍, കിറ്റ്കോ ജനറല്‍ മാനേജര്‍ ബെന്നി പോള്‍, കിറ്റ്കോ ഉദ്യോഗസ്ഥന്‍ തങ്കച്ചന്‍ എന്നിവര്‍ ഉള്‍പ്പടെ നാല് പേരെ കഴിഞ്ഞ ആഗസ്റ്റ് 30നാണ് അറസ്റ്റ് ചെയ്തത്.
കേസുമായി ബന്ധപ്പെട്ട് സൂരജിനെ വിജിലന്‍സ് ചോദ്യം ചെയ്തിരുന്നു. യുഡിഎഫ് ഭരണകാലത്ത് സൂരജ് സെക്രട്ടറി ആയിരിക്കുമ്പോഴാണ് പാലത്തിന് കരാര്‍ നല്‍കുന്നത്. ദേശീയപാത വിഭാഗത്തെ ഒഴിവാക്കിക്കൊണ്ടാണ് റോഡ്‌സ് ആന്റ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോര്‍പ്പറേഷന് കേരളം നിര്‍മാണച്ചുമതല നല്‍കിയത്. എന്നാല്‍ അന്നത്തെ മന്ത്രിസഭാ തീരുമാന പ്രകാരം ഉത്തരവ് ഇറക്കുക മാത്രമാണ് താന്‍ ചെയ്തതെന്നായിരുന്നു ടി.ഒ സൂരജ് പ്രതികരിച്ചത്. മുന്‍ പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞിനെയും വിജിലന്‍സ് ചോദ്യം ചെയ്തിരുന്നു.
















