കോലാലംപൂര്‍: വിവാദ മത പ്രഭാഷകന്‍ സക്കീര്‍ നായിക്കിനെ വിട്ടു നല്‍കണമെന്ന് മലേഷ്യയോട് പ്രധാനമന്ത്രി നരേന്ദ്രമോദി. ഈസ്റ്റേണ്‍ എക്ണോമിക് ഫോറവുമായി ബന്ധപ്പെട്ട് മലേഷ്യയിലെത്തിയ മോദി മലേഷ്യന്‍ പ്രധാനമന്ത്രി മഹാതിര്‍ മുഹമ്മദുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇരു രാജ്യങ്ങളുടേയും വിദേശകാര്യ സെക്രട്ടറിമാരും പങ്കെടുത്ത യോഗത്തിലാണ് മലേഷ്യയിലേക്ക് ഒളിച്ചു കടന്ന സക്കീര്‍ നായിക്കിനെ വിട്ടു നല്‍കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.
ഇതുസംബന്ധിച്ച് ഇരു രാജ്യങ്ങളും തമ്മില്‍ വീണ്ടും ബന്ധപ്പെടുമെന്നും വിദേശ സെക്രട്ടറി വിജയ് ഗോഖലെ പറഞ്ഞു. അതേസമയം ഇതുസംബന്ധിച്ചുള്ള വിശദാംശങ്ങള്‍ ഒന്നും പുറത്തുവിട്ടിട്ടില്ല. സക്കീര്‍ നായിക്ക് വിഷയത്തില്‍ മലേഷ്യന്‍ പ്രധാനമന്ത്രി ഇന്ത്യയെ അനുകൂലിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. വിഷയത്തില്‍ മല്യേന്‍ സര്‍ക്കാര്‍ വ്യക്തമായ നടപടികളൊന്നും സ്വീകരിച്ചിട്ടില്ല. എന്നാല്‍ പൊതുവേദിയില്‍ പ്രസംഗിക്കുന്നതിനും അദ്ദേഹത്തെ സര്‍ക്കാര്‍ വിലക്കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മലേഷ്യന്‍ അധികൃതര്‍ കൃത്യമായി നിരീക്ഷിക്കുന്നുമുണ്ട്.
ഭീകരവാദവുമായി ബന്ധപ്പെട്ട ഗുരുതര കുറ്റകൃത്യങ്ങളാണ് സാക്കിര്‍ നായിക്കിനെതിരെയുള്ളത്. 2016 ജൂലൈയില്‍ ധാക്കയിലെ ആര്‍ട്ടിസന്‍ ബേക്കറിയിലുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ടും സക്കിര്‍ നായിക്കിന് ബന്ധമുണ്ടെന്ന ആരോപണമുണ്ടായിരുന്നു. ഇതിനെ തുടര്‍ന്നാണ് സക്കീര്‍ നായിക്കിനെ എങ്ങനെ എത്രയും പെട്ടെന്ന് ഇന്ത്യയിലെത്തിച്ച് നിയമനടപടികള്‍ക്കു വിധേയനാക്കാന്‍ ഇന്ത്യ നടപടികള്‍ സ്വീകരിക്കുന്നത്.
ഇയാള്‍ക്കെതിരെ നിയമനടപടി സ്വീകരിച്ചതോടെ ഇയാള്‍ മലേഷ്യയിലേക്ക് ഒളിച്ചോടുകയും, മുന്‍ സര്‍ക്കാര്‍ സക്കീറിന് സ്ഥിരം പൗരത്വം നല്‍കുകയും ചെയ്തിരുന്നു. ഇതോടെയാണ് നിയമ നടപടികള്‍ക്കായി ഇന്ത്യ മലേഷ്യയുടെ സഹായം അഭ്യര്‍ത്ഥിച്ചത്.
















