ആറന്മുള: ആറന്മുള ഉതൃട്ടാതി ജലമേളയോട് സംസ്ഥാന സര്‍ക്കാര്‍ അവഗണനകാട്ടുന്നതായി ആക്ഷേപം. ആറന്മുള ഉതൃട്ടാതി ജലമേളയ്‌ക്ക് സംസ്ഥാനസര്‍ക്കാര്‍ നല്‍കിയിരുന്ന വാര്‍ഷിക ഗ്രാന്‍ഡ് ഇക്കുറി നല്‍കിയില്ല. പ്രളയത്തില്‍ കനത്ത നഷ്ടം നേരിട്ട പള്ളിയോടങ്ങള്‍ നിലനില്‍പ്പിനായി വിഷമിക്കുമ്പോള്‍ വാര്‍ഷിക ഗ്രാന്റ് ലഭിക്കാത്ത സ്ഥിതിയുണ്ടാകുന്നത് ഏറെ ബുദ്ധിമുട്ടിലാക്കും.
പള്ളിയോടങ്ങള്‍ക്ക് 13 ലക്ഷവും ജലമേളക്ക് 10 ലക്ഷവുമാണ് ലഭിക്കേണ്ടിയിരുന്നത്. സംസ്ഥാനടൂറിസം രംഗത്ത് കോടികളുടെ വരുമാനമാണ് ആറന്മുള ഉത്രട്ടാതി ജലമേളയോട്അനുബന്ധിച്ച് ലഭിക്കുന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. എന്നിട്ടും ബന്ധപ്പെട്ട വകുപ്പുകളുടെ അവഗണന തുടരുകയാണ്. അതിന് പുറമേ ജലമേളയ്‌ക്ക് പവലിയന്‍ (പന്തല്‍) നിര്‍മ്മിക്കുന്നതില്‍ നിന്ന് പൊതുമരാമത്ത് വകുപ്പ് പിന്‍മാറിയതായാണ് സൂചന.
മുന്‍കാലങ്ങളില്‍ പൊതുമരാമത്ത് വകുപ്പായിരുന്നു പവലിയന്‍ നിര്‍മ്മിച്ചു നല്‍കിയിരുന്നത്. ആറന്മുളയില്‍ സ്ഥിരം പവലിയന്‍ നിര്‍മ്മിക്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനമാവട്ടെ ഇതുവരെ നടപ്പായതുമില്ല.
















