ന്യൂദല്‍ഹി: കശ്മീരിലെ ജമ്മുവിലും പുല്‍വാമയിലും ജനജീവിതം സാധാരണ നിലയിലേക്ക് പുനഃസ്ഥാപിച്ചിട്ടുണ്ടെന്നും ശ്രീനഗറില്‍ പതിനഞ്ചു ദിവസത്തിനകം സ്‌കൂളുകളും മറ്റും തുറന്നു പ്രവര്‍ത്തിക്കുമെന്നും കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി അറിയിച്ചു. ജമ്മു കശ്മീര്‍, അസം പൗരത്വ രജിസ്‌ട്രേഷന്‍ വിഷയങ്ങളുമായി ബന്ധപ്പെട്ട ആശങ്കകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രിയെ കണ്ട കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരുടെ പ്രതിനിധികളെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
കശ്മീരിലെ പാവപ്പെട്ട ആളുകളിലേക്ക് കേന്ദ്രസര്‍ക്കാരിന്റെ ആനുകൂല്യങ്ങള്‍ എത്തിക്കുന്നതിനുള്ള പദ്ധതികളാണ് തയാറായി വരുന്നത്. പൗരത്വ വിഷയങ്ങളില്‍ ഉള്‍പ്പെടെ മന്ത്രിയെന്ന നിലയില്‍ ഇടപെടുമെന്നും നഖ്വി പ്രതിനിധിസംഘത്തിന് ഉറപ്പു നല്‍കി.
പ്രൊഫ. എ.കെ അബ്ദുല്‍ ഹമീദ്, ഡോ. മുഹമ്മദ് അമീന്‍ സഖാഫി, ഷാഫി സഅദി കര്‍ണാടക, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി എന്നിവരാണ് പ്രതിനിധിസംഘത്തിലുണ്ടായിരുന്നത്.
















