കൊച്ചി: മുത്തൂറ്റ് ഗ്രൂപ്പ് ഹോസ്പിറ്റാലിറ്റി ഡിവിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പോള്‍ എം. ജോര്‍ജിനെ നടുറോട്ടിലിട്ട് വെട്ടിക്കൊലപ്പെടുത്തിയ കേസിലെ എട്ടു പ്രതികളെ ഹൈക്കോടതി വെറുതെവിട്ടു. സിബിഐ അന്വേഷിച്ചസിലെ പ്രപതികളുടെ പേരില്‍ ആരോപിച്ചിട്ടുള്ള കൊലക്കുറ്റം റദ്ദാക്കിക്കൊണ്ടാണ് പ്രതികളെ വെറുതെ വിട്ടിരിക്കുന്നത്.
ഒന്നാം പ്രതി ജയചന്ദ്രന്‍, മൂന്നാം പ്രതി സത്താര്‍, നാലാം പ്രതി സുജിത്ത്, അഞ്ചാം പ്രതി ആകാശ് ശശിധരന്‍, ആറാം പ്രതി സതീശ് കുമാര്‍, ഏഴാം പ്രതി രാജീവ് കുമാര്‍, എട്ടാം പ്രതി ഷിനോ പോള്‍, ഒമ്പതാം പ്രതി ഫൈസല്‍ എന്നിവരെയാണ് വെറുതെവിട്ടത്. അതേസമയം രണ്ടാം പ്രതി കാരി സതീശ് ഹൈക്കോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്തിരുന്നില്ല. അതുകൊണ്ടുതന്നെ ശിക്ഷ റദ്ദാകുന്നതുമില്ല. കേസിലെ ഒമ്പതാം പ്രതിയെ എല്ലാ ശിക്ഷകളില്‍ നിന്നും ഒഴിവാക്കിയിട്ടുമുണ്ട്.
എന്നാല്‍ കൊലപാതകത്തിനായുള്ള ഗൂഢാലോചന, സംഘം ചേരല്‍ എന്നീ വകുപ്പുകള്‍ നിലനില്‍ക്കുന്നതാണ്. എന്നാല്‍ ഈ ശിക്ഷാ കാലാവധി പ്രതികള്‍ പൂര്‍ത്തിയാക്കിയതിനാല്‍ എട്ട് പ്രതികള്‍ക്കും ഇനി പുറത്തിറങ്ങാവുന്നതാണ്.
2009 ഓഗസ്റ്റ് 21ന് രാത്രിയാണ് നെടുമുടി പൊങ്ങയില്‍ വച്ച് പോള്‍ മുത്തൂറ്റിനെ പ്രതികള്‍ കൊലപ്പെടുത്തിയത്. 14 പേര്‍ പ്രതികളായ കേസില്‍ തിരുവനന്തപുരം പ്രത്യേക സിബിഐ കോടതി ഒമ്പത് പേര്‍ക്ക് ജീവപര്യന്തം തടവും നാല് പേര്‍ക്ക് മൂന്ന് വര്‍ഷം കഠിന തടവും ശിക്ഷ വിധിച്ചിരുന്നു. മൂന്ന് വര്‍ഷം ശിക്ഷ പൂര്‍ത്തിയാക്കിയവര്‍ നേരത്തെ തന്നെ പുറത്തിറങ്ങിയിരുന്നു.
















