കോഴിക്കോട് : മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ക്കിടയില്‍ ചേരിപ്പോര്. കുഞ്ഞാലിക്കുട്ടിക്കെതിരെ ഒരു വിഭാഗം രൂക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിക്കുകയായിരുന്നു. സംസ്ഥാന സമിതി യോഗത്തിലാണ് ഇത്തരത്തില്‍ നാടകീയരംഗങ്ങള്‍ അരങ്ങേറിയത്. അസം, മുത്തലാഖ്, കശ്മീര്‍ – ഈ വിഷയങ്ങളിലൊക്കെ ദേശീയ തലത്തില്‍ ഒരു ചര്‍ച്ച ഉയര്‍ത്താന്‍ പോലും നേതൃത്വത്തിന് കഴിഞ്ഞില്ലെന്ന രൂക്ഷവിമര്‍ശനമാണ് കെ.എം. ഷാജി എംഎല്‍എ ഉള്‍പ്പടെയുള്ള ഒരു വിഭാഗം നേതാക്കളാണ് വിമര്‍ശനം ഉയര്‍ത്തിയത്.
പി.കെ. കുഞ്ഞാലിക്കുട്ടി എംപി ഇതിന് മറുപടി പയറാന്‍ മുതിര്‍ന്നതോടെ ഇരുവരും തമ്മില്‍ രൂക്ഷമായ തര്‍ക്കത്തിലേക്കും നീങ്ങുകയായിരുന്നു. നിര്‍ണായകമായ വിഷയങ്ങള്‍ പാര്‍ലമെന്റിലോ പുറത്തോ ഉയര്‍ത്തുന്നതില്‍ എംപിമാരും ദേശീയ നേതൃത്വത്തും തികഞ്ഞ തോല്‍വിയായിരുന്നെന്നായിരുന്നു കെ.എം. ഷാജിയുടെ കുറ്റപ്പെടുത്തല്‍.
ഇ.ടി. മുഹമ്മദ് ബഷീറും, പി.കെ. കുഞ്ഞാലിക്കുട്ടിയും പാര്‍ലമെന്റില്‍ സുപ്രധാന വിഷയങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ നിശബ്ദരാവുകയാണ്. ഈ നിര്‍ണായക സമയത്ത് കോഴിക്കോട്ട് ദേശീയ സമിതി യോഗം ചേര്‍ന്നെങ്കിലും യൂസസ് കുഞ്ഞിനെ ഭാരവാഹിയാക്കി യോഗം അവസാനിപ്പിക്കുകയായിരുന്നു. സുപ്രധാന വിഷയങ്ങളില്‍ ഒരു ചര്‍ച്ചയോ നിലപാടെടുക്കലോ ദേശീയ സമിതിയിലുണ്ടായില്ല. അത്തരം ചിന്ത പോലുമുണ്ടായില്ല.
ടി.എ. അഹമ്മദ് കബീറും കെ.എം. ഷാജിയെ പിന്തുണച്ചതോടെ വാക്‌പോര് മുറുകി. കൂടാതെ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളടക്കമുള്ളപ്രമുഖരൊന്നും തര്‍ക്കത്തില്‍ കുഞ്ഞാലിക്കുട്ടിയുടെ കൂടെ നിന്നില്ല. ഇതോടെ മുസ്ലിം ലീഗ് അണികള്‍ക്കിടയിലെ ഉള്‍പ്പൊരാണ് പുറത്തുവന്നിരിക്കുന്നത്.
കഴിഞ്ഞ ഡിസംബറില്‍ ലോക്സഭയില്‍ മുത്തലാഖ് ബില്ലിന്‍മേല്‍ ചര്‍ച്ച നടക്കുമ്പോള്‍ പി.കെ. കുഞ്ഞാലിക്കുട്ടി എംപി പ്രമുഖ വ്യവസായി ഒരുക്കിയ വിരുന്നില്‍ പങ്കെടുക്കുകയായിരുന്നു. മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി കൂടിയായ കുഞ്ഞാലിക്കുട്ടിയുടെ ഈ നടപടിയില്‍ രൂക്ഷ വിമര്‍ശനവും ഉയര്‍ന്നിരുന്നു. നേരത്തെ ഉപരാഷ്‌ട്രപതി തെരഞ്ഞെടുപ്പില്‍ നിന്നും കുഞ്ഞാലിക്കുട്ടി വിട്ടുനിന്നിരുന്നു. അന്ന് വിമാനം വൈകിയെന്നായിരുന്നു ന്യായീകരണമായി പറഞ്ഞത്.
















