മാന്നാര്‍: കുടുംബശ്രീ അംഗങ്ങളില്‍നിന്ന് പിരിച്ചെടുത്ത പ്രളയതുക ജില്ലാ മിഷനില്‍ അടച്ചില്ല. കുടുംബശ്രീ സിഡിഎസ് യോഗം അംഗങ്ങള്‍ ബഹിഷ്‌കരിച്ചു.
മഹാപ്രളയത്തിലെ ദുരിതബാധിതരെ സഹായിക്കാനായി സര്‍ക്കാര്‍ നിര്‍ദേശപ്രകാരം മാന്നാര്‍ പഞ്ചായത്തിലെ കുടുംബശ്രീ അംഗങ്ങളില്‍നിന്ന് പിരിച്ചെടുത്ത 1,27,000 രൂപയാണ് വര്‍ഷം ഒന്നായിട്ടും ജില്ലാ മിഷനില്‍ അടയ്‌ക്കാത്തത്. ഇതിന് തയാറാകാത്ത സിഡിഎസ് ചെയര്‍പേഴ്‌സന്റേയും നിര്‍വഹണ ഉദ്യോഗസ്ഥന്റെയും നിലപാടില്‍ പ്രതിഷേധിച്ച് മാന്നാര്‍ പഞ്ചായത്തിലെ കുടുംബശ്രീ സിഡിഎസ് യോഗത്തില്‍നിന്ന് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ജ്യോതി വേലൂര്‍മഠം, പഞ്ചായത്ത് മെമ്പര്‍ ആര്‍. രതി, അംഗങ്ങളായ രാധാമണി, ശശീന്ദ്രന്‍, ജയ, മായ, പുഷ്പ, നൂര്‍ജഹാന്‍ എന്നിവരാണ് ബഹിഷ്‌കരിച്ചത്.
പിന്നീട് വിഷയത്തില്‍ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് പഞ്ചായത്ത് പ്രസിഡന്റ് പ്രമോദ് കണ്ണാടിശേരിക്ക് ഇവര്‍ പരാതി നല്‍കി. പ്രളയത്തുക കൈമാറാതെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ നല്‍കിയതായി രേഖപ്പെടുത്തിയ മാന്നാര്‍ പഞ്ചായത്ത് കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ രാജിവയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് രംഗത്തെത്തി. മാന്നാര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് പഞ്ചായത്തിന് മുന്നില്‍ പ്രതിഷേധ ധര്‍ണ സംഘടിപ്പിക്കാനാണ് തീരുമാനം.
















