പാലാ: കേരളം ഉറ്റുനോക്കുന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി എന്‍.ഹരി പ്രചരണ രംഗത്ത് സജീവമായി. പാലായില്‍ നിന്നായിരുന്നു തുടക്കം. രാവിലെ കടപ്പാട്ടൂര്‍ മഹാദേവക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ബിജെപി നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ ജി.രണ്‍ജിത്, അനില്‍നാഥ്, മുത്തോലി പഞ്ചായത്തംഗം മായ വിശ്വനാഥ്, ബിജെപി പഞ്ചായത്ത് പ്രസിഡന്റ് സി.എസ്.സിജു എന്നിവരും ഒപ്പമുണ്ടായിരുന്നു. തിങ്കളാഴ്ച വൈകിട്ടാണ് പാലായിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി എന്‍.ഹരിയുടെ പേര് ദേശീയ നേതൃത്വം പ്രഖ്യാപിച്ചത്.
ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് അവിടെ ചില പ്രമുഖ വ്യക്തികളെയും കണ്ടശേഷം പാലാ കോടതിയിലേയ്‌ക്ക്. ശബരിമലയുമായി ബന്ധപ്പെട്ട കേസുകളില്‍ ജാമ്യമെടുത്തു. പിന്നെ ബാര്‍ അസോസിയേഷന്‍ സംഘടിപ്പിച്ച ഓണാഘോഷത്തില്‍ പങ്കുചേര്‍ന്നു.
അവിടെ നിന്നും പൗരപ്രമുഖരേയും വിശിഷ്ട വ്യക്തികളേയും കണ്ടതിന് ശേഷം സംസ്ഥാന സഹ സംഘടനാ സെക്രട്ടറി എം. ഗണേഷിന്റെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ പങ്കെടുത്തു. സാമുദായിക നേതാക്കന്മാരേയും മതനേതാക്കന്മരേയും സന്ദര്‍ശിച്ചശേഷം പഞ്ചായത്ത്തല പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തല്‍.
ഇന്ന് രാവിലെ 11ന് ശേഷം ളാലം ബ്ലോക്ക് ഓഫീസില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. ഇന്നലെ വരെ പ്രവര്‍ത്തകര്‍ക്കൊപ്പം മണ്ഡലത്തിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്തിരുന്ന പ്രിയ നേതാവുതന്നെ സ്ഥാനാര്‍ത്ഥിയായി വന്നതിന്റെ ആവേശത്തിലാണ് പ്രവര്‍ത്തകര്‍.
















