ലണ്ടന്‍ : ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഓഫീസ് പാക് പ്രതിഷേധക്കാര്‍ കല്ലെറിഞ്ഞ് തകര്‍ത്തു. കല്ലേറില്‍ ഓഫീസിന്റെ ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്. ജമ്മു കശ്മീര്‍ കേന്ദ്ര ഭരണപ്രദേശമാക്കിയതില്‍ പ്രതിഷേധിച്ചാണ് പാക് പൗരന്മാരുടെ പ്രകോപനപരമായ ഈ നടപടി.
ഇത് രണ്ടാം തവണയാണ് പാക് പ്രതിഷേധക്കാര്‍ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഓഫീസിനു നേരെ ആക്രമണം നടത്തുന്നത്. ഇതിനു മുമ്പ് ആഗസ്ത്് 15നും കമ്മീഷന്‍ ഓഫീസിലേക്ക് പാക് പൗരന്മാര്‍ പ്രതിഷേധവുമായി എത്തിയിരുന്നു. വിഷയത്തില്‍ ഇന്ത്യ ആശങ്ക പ്രകടിപ്പിച്ചതിനു പിന്നാലെയാണ് വീണ്ടും ആക്രമണം ഉണ്ടായിരിക്കുന്നത്. ചൊവ്വാഴ്ച നടന്ന ആക്രമണം ഹൈക്കമ്മീഷന്‍ ഓഫീസ് ഔദ്യോഗിക ട്വിറ്ററിലൂടെ സ്ഥിരീകരിച്ചിട്ടുണ്ട്.
അതിനിടെ സംഭവവുമായി ബന്ധപ്പെട്ട് നാലു പേരെ ലണ്ടന്‍ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ആസ്ഥാനത്തിനു നേര്‍ക്കുണ്ടായ ആക്രമണം അംഗീകരിക്കാന്‍ കഴിയാത്തതാണെന്നും നടപടിയെടുക്കാന്‍ പോലീസിനു നിര്‍ദേശം നല്‍കുമെന്ന് ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍ അറിയിച്ചു.
അതേസമയം ആഗസ്ത് 15നുണ്ടായ അനിഷ്ട സംഭവങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണെ വിളിച്ച് പ്രതിഷേധം അറിയിച്ചിരുന്നു. ഹൈക്കമ്മീഷന്‍ ഓഫീസിനും ജീവനക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും സുരക്ഷ നല്‍കുമെന്ന് അദ്ദേഹം ഉറപ്പുനല്‍കുകയും ചെയ്തിരുന്നു.
















