കരിമണ്ണൂര്‍: ഉടുമ്പന്നൂരിന് സമീപം മോഷണത്തിനെത്തി വീടിന്റെ തിണ്ണയില്‍ കിടന്നുറങ്ങിപോയ കള്ളനെ പോലീസ് കൈയോടെ പിടികൂടി. മോഷ്ടിച്ച ബൈക്കുമായി കറങ്ങി നടക്കുന്നതിനിടെയാണ് ഇയാള്‍ അറസ്റ്റിലാവുന്നത്. ഇന്നലെ പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് കാരിക്കോട് താഴെത്തോട്ടിയില്‍ ബിജു (പുള്ള് ബിജു-40) കരിമണ്ണൂര്‍ പോലീസിന്റെ പടിയിലായത്.
പാറേക്കവല നിരമ്പത്ത് സിനാജിന്റെ വീട്ടിലാണ് ഇയാള്‍ മോഷണത്തിനെത്തിയത്. കാരിക്കോട് ദേവിക്ഷേത്രത്തിന് സമീപം വെച്ചിരുന്ന ഉണ്ടപ്ലാവ് സ്വദേശി സജീറിന്റെ ബൈക്കാണ് മോഷണം പോയത്. പുലര്‍ച്ചെ തിണ്ണയില്‍ ഒരാള്‍ കിടക്കുന്നത് കണ്ട സിനാജ് ഉടന്‍ തന്നെ പോലീസില്‍ അറിയിക്കുകയായിരുന്നു. ഇവരെത്തി നടത്തിയ ചോദ്യം ചെയ്യലിലാണ് കള്ളന്‍ കുടുങ്ങുന്നത്.
കഴിഞ്ഞ ഒന്നിനാണ് സജീര്‍ ബൈക്ക് വെച്ച ശേഷം തിരുവനന്തപുരത്തിന് പോകുന്നത്. ഇന്നലെ പുലര്‍ച്ചെ മടങ്ങിയെത്തിയപ്പോള്‍ ബൈക്ക് കാണാതാവുകയായിരുന്നു. ഇത് അന്വേഷിച്ച് വരുന്നതിനിടെയാണ് കരിമണ്ണൂര്‍ പോലീസിന്റെ വിളിയെത്തുന്നത്. ഇതോടെ ഇയാള്‍ സ്‌റ്റേഷനിലെത്തി വാഹനം തിരിച്ചറിഞ്ഞു.
പ്രതിക്കെതിരെ ബൈക്ക് മോഷണത്തിന് കേസെടുത്ത പോലീസ് ഇയാളെ കോടതിയില്‍ ഹാജരാക്കി. കരിമണ്ണൂര്‍ എസ്‌ഐ പി.എസ്. സുബൈറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് പിടികൂടിയത്. പ്രതിക്കെതിരെ നേരത്തെയും വിവിധ സ്റ്റേഷനുകളില്‍ മോഷണത്തിന് കേസുണ്ട്.
















